കുടുംബ പ്രശ്നങ്ങൾ മുതലെടുത്ത് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

Sunday 09 June 2024 3:24 PM IST

കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസെടുത്തു. കുട്ടിയുടെ മാതാവാണ് കസബ പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

കുടുംബ പ്രശ്നങ്ങൾ മുതലെടുത്ത് കൂട്ടിക്കൽ ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച കൂട്ടിക്കൽ ജയചന്ദ്രൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അതേസമയം,​ പതിനേഴുകാരനെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച മുൻ സൈനികനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ആർമി റിക്രൂട്ട്മെന്റ് പരിശീലന സ്ഥാപനം നടത്തുന്ന വയയ്ക്കൽ സ്വദേശി ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

അഞ്ചൽ ആലഞ്ചേരിയിൽ പ്രവർത്തിക്കുന്ന മേജ‌ർ അക്കാഡമിയിൽ വച്ചായിരുന്നു പീഡന ശ്രമം. സ്ഥാപനത്തിൽ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം നടത്തിയത്. കുതറിയോടിയ വിദ്യാർത്ഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടിയാണ് രക്ഷപ്പെട്ടത്. സമീപത്തെ പെട്രോൾ പമ്പിൽ വിവരം അറിയിച്ചു. ഏരൂ‌ർ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചൽ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ പോക്സോ, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.