വടകരയും പോയി, തൃശൂരും പോയി, പേരുദോഷം ബാക്കിയായെങ്കിലും ആദർശവാൻ: പാർട്ടിക്കായി എന്തുംചെയ്യും

Sunday 09 June 2024 3:45 PM IST

സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ് സിനിമയിലെ പവനായി പാവവും മാന്യനുമായിരുന്നു. ഏത് ആയുധമുപയോഗിച്ചാണ് കൊല്ലേണ്ടതെന്ന് ദാസനോടും വിജയനോടും ചോദിച്ച പരമ സാത്വികൻ. ലോകത്തൊരു വില്ലനും എതിരാളികളോട് ഇത്രയും മാന്യത കാണിച്ചിട്ടില്ല; ഇനിയിട്ട് കാണിക്കുകയുമില്ല. ബ്രീഫ്‌കെയ്‌സിൽ മലപ്പുറം കത്തിമുതൽ എ.കെ 47 വരെ കൊണ്ടുനടന്ന പവനായി സൂപ്പർ സ്റ്റണ്ടിനിടെ കൺട്രോൾ പോയി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ക്രാഷ്‌ലാൻഡ് ചെയ്യുകയായിരുന്നു.

സുരേഷ് ഗോപിക്കും വി.എസ്. സുനിൽകുമാറിനുമെതിരെ ക്വട്ടേഷൻ നൽകി കേരള ഹൈക്കമാൻഡ് വടകരയിൽനിന്ന് തൃശൂരിലെത്തിച്ച ഫയൽവാൻ കെ.മുരളീധരൻ തറപറ്റിയതുമായി ഇതിനു ബന്ധമില്ലെങ്കിലും, 'അങ്ങനെ പവനായി ശവമായി" എന്നു പാർട്ടിയിലെ ചിലർ അടക്കം പറയുന്നുണ്ട്. മറ്റു ചിലരാകട്ടെ,​ നാടോടിക്കാറ്റിലെ 'വൈശാഖ സന്ധ്യേ..." എന്ന ഗാനം റിംഗ് ടോണാക്കി വ്യംഗ്യമായി താങ്ങുന്നു. വീണുകിടക്കുന്നവനെ എണീപ്പിച്ചിരുത്തി അപമാനിക്കുന്നത് കോൺഗ്രസുകാരുടെ ശീലമാണ്.

വടകരയും പോയി, തൃശൂരും പോയി, പേരുദോഷം ബാക്കിയായെങ്കിലും അടിമുടി ആദർശവാനാണ് മുരളീധരൻജി. പാർട്ടിക്കായി എന്തുംചെയ്യും. കസൃതികലർന്ന സംസാരവും തങ്കപ്പെട്ട സ്വഭാവവുമുള്ള 'തങ്കൻ". പാർട്ടിക്കുവേണ്ടിയുള്ള ഈ തോൽവി സത്യത്തിൽ വിജയമാണ്.

അതുകൊണ്ടുതന്നെ,സ്വർണക്കടകളുടെ നാടായ തൃശൂരിൽ മുരളീധരനെ ആരെങ്കിലും 'പവനായി" എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. മുരളീധരനെന്ന അഡാർ ഫയൽവാനിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ആശ്വാസത്തിലാണ് സംഘികളും സഖാക്കളും.


കോൺഗ്രസ് കളരിയിൽ വടക്കൻ-തെക്കൻ മുറകൾ പഠിച്ച അപൂർവം അഭ്യാസികളിൽ ഒരാളാണ് മുരളീധരൻ. കേരളത്തിന്റെ ഒത്തനടുക്കുള്ള തൃശൂരിൽ അദ്ദേഹം അടിതെറ്റിവീണതിനു പിന്നിൽ ചില കറുത്തകരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതിൽ തെറ്റില്ല. അടിതെറ്റിയാൽ ആനയും വീഴും. സംഘികളും സഖാക്കളും സംയുക്താക്രമണത്തിലൂടെ പണിപറ്റിച്ചെന്നാണ് പാർട്ടിയുടെ താത്വികമായ വിലയിരുത്തലെങ്കിലും സംഗതി അതൊന്നുമല്ലെന്ന് സ്വന്തം സി.ഐ.ഡികളുടെ സഹായത്തോടെ മുരളി കണ്ടെത്തി. പിന്നിൽനിന്നുള്ള ഇരുട്ടടിയുടെയൊരു റേഞ്ച്‌വച്ച് നോക്കുമ്പോൾ,വന്ന വഴി ഏതാണ്ടു പിടികിട്ടി. 'ഓടരുതമ്മാവാ,ആളറിയാം" എന്ന് വീഴുന്നതിനിടെ അവരോട് പറയുകയും ചെയ്തു. അപ്പോഴേക്കും ബോധം പോയി. ബോധംവന്നയുടൻ കോഴിക്കോട്ടെ വീട്ടിൽ മൗനവ്രതത്തിലിരിക്കാൻ പോവുകയും ചെയ്തു. സങ്കടം മാറുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് പ്രതീക്ഷ.

സ്നേഹപൂർവം പെങ്ങളൂട്ടി
കേരളത്തിൽ ആദ്യമായി സംഘി തോൽപ്പിച്ച കോൺഗ്രസുകാരൻ എന്ന ഖ്യാതിയോടെ മുരളി ചരിത്രത്തിൽ ഇടംപിടിച്ചതിൽ പെങ്ങളൂട്ടി പദ്മജയ്ക്ക് വലിയ സന്തോഷമുണ്ട്. സംഘിണിയായ സഹോദരിയുടെ സംഭാവന കണക്കിലെടുത്ത് പരിവാറുകാർ അവരെ ഗവർണറോ മന്ത്രിയോ ആക്കുമോയെന്ന കാര്യത്തിൽ മുരളിജിക്ക് ആശങ്കയുണ്ട്. കറങ്ങുന്ന ലൈറ്റുള്ള വണ്ടിയിലുള്ള പെങ്ങളൂട്ടിയുടെ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ തൃശൂരിലെ തോൽവി ഒന്നുമല്ല. വടകരയിൽനിന്ന് ഇടിമിന്നലായി വന്ന ഏട്ടനെ തൃശൂരിൽ നനഞ്ഞപടക്കമാക്കിയത് കൂടെയുള്ളവർ തന്നെയാണെന്നാണ് പദ്മജയുടെ വെളിപ്പെടുത്തൽ. അവർ ആരാണെന്നുമറിയാം. കോൺഗ്രസുകാരുടെ നിലവിളി ശബ്ദങ്ങൾ മുഴങ്ങുന്ന തൃശൂരിൽ സംഘികൾ അഴിഞ്ഞാടുകയാണ്. തന്നെ തോൽപ്പിച്ച് സംഘിയെ ജയിപ്പിച്ച ചങ്ങാതിമാർക്ക് നല്ലനമസ്കാരം പറഞ്ഞ് മുരളി കോഴിക്കോട്ടേക്കു പോയതിനു പിന്നാലെ മുരളീപക്ഷവും എതിർപക്ഷവും ഡി.സി.സി ഓഫീസിൽ നടത്തിയ കൈകൊട്ടിക്കളിയിലും പുലികളിയിലും പരിക്കേറ്റ പലരും ആശുപത്രിയിലാണ്.


മുരളീധരനെക്കുറിച്ച് പണ്ട് പ്രസംഗവേദിയിൽ നിന്ന് 'സംസ്‌കൃതത്തിൽ" ഗദ്യകാവ്യം രചിച്ച് ശ്രദ്ധേയനായ പ്രിയചങ്ങാതി രാജ്‌മോഹൻ ഉണ്ണിത്താൻ ഡൽഹിക്കു പോകാൻ ഒരുങ്ങുന്നതിനിടെ വിളിച്ച് ആശ്വസിപ്പിക്കാനുള്ള വലിയ മനസുകാട്ടി. ഒന്നുകൊണ്ടും വിഷമിക്കേണ്ടെന്നും കോൺഗ്രസ് തറവാടിന്റെ പൂമുഖത്ത് ചാരുകസേരയിലാണ് മുരളിയുടെ സ്ഥാനമെന്നും ഉണ്ണിത്താൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
മുരളിയെ തൃശൂരിലെ എം.പിയാക്കാൻ മത്സരത്തിൽനിന്ന് മാറിനിന്ന് മാതൃകയായ ടി.എൻ. പ്രതാപനും ഈ തോൽവിയിൽ വലിയ സങ്കടത്തിലാണ്. മുരളിക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് പോസ്റ്റർ എഴുതിയ അദ്ദേഹം ഇനിയും കരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നാണ് തൃശൂരിൽനിന്നുള്ള റിപ്പോർട്ട്.

വടക്കുന്നാഥന്റെ അനുഗ്രഹം

തൃശൂരിലെ തോൽവി മറ്റൊരുവിധത്തിൽ വൻവിജയമായെന്നാണ് മുരളിയുടെ അടുപ്പക്കാരുടെ രഹസ്യമൊഴി. ജയിച്ചങ്ങ് വടക്കോട്ട് ചെന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോയെന്നാണ് അവരുടെ പ്രതികരണം. പ്രിയനേതാവിനെ വടക്കോട്ട് കെട്ടുകെട്ടിച്ച് കേരളം മൊത്തത്തിലങ്ങെടുക്കാനായിരുന്നു പാർട്ടിയിൽ ചിലരുടെ നീക്കം. സത്യത്തിൽ,ഈ തോൽവി വടക്കുന്നാഥന്റെ അനുഗ്രഹമാണ്. വെറുമൊരു എം.പിയായി ഡൽഹിയിലിരിക്കേണ്ട ആളല്ല മുരളീജി.

കഷ്ടിച്ചൊരു രണ്ടുവർഷംകൂടി കാത്തിരുന്നാൽ നിയമസഭാ തിരഞ്ഞെടുപ്പായി. കാര്യങ്ങളുടെ കിടപ്പുവശംവച്ചു നോക്കുമ്പോൾ യു.ഡി.എഫ് അധികാരത്തിൽവരുമെന്നാണ് ജ്യോത്സ്യന്മാരുടെ പ്രവചനം. പാട്ടുംപാടി ജയിച്ച് കൊള്ളാവുന്ന ഏതെങ്കിലും വകുപ്പിൽ അഞ്ചുവർഷം മന്ത്രിയാകാം. ആഞ്ഞൊന്നു പിടിച്ചാൽ അതുക്കും മേലെയെത്താം. രാഹുൽ ഒഴിയുന്ന വയനാട് സീറ്റ്,കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എന്നിങ്ങനെ ഓഫറുകൾ പലതാണെങ്കിലും പ്രതികരിക്കാൻ സമയമായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റായും എം.പിയായും പാർട്ടിയെ സേവിച്ചു മടുത്തയാളാണ്. മന്ത്രിക്കസേരയിൽ മാത്രം അധികകാലം ഇരുന്നിട്ടില്ല. എ.കെ.ആന്റണി മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്നെങ്കിലും ആറുമാസത്തിനിടെ ഷോക്കടിച്ച് വീണുപോയി. വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ ഫ്യൂസ് ഊരിയത് അങ്ങനെയങ്ങ് മറക്കാനാവില്ല. തൃശൂരിൽ ചരിത്രപുരുഷനാക്കിയതിലും അവരുടെയെല്ലാം സഹായമുണ്ട്.

ആശ്വസിപ്പിക്കാനെന്ന വ്യാജേന ശവത്തിൽ കുത്തുന്ന ചങ്ങാതിമാരാണ് ചുറ്റുമെങ്കിലും പരിവാറിലെ പ്രമുഖർ മുരളിയുടെ നന്മ ആഗ്രഹിക്കുന്നവരാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻജി അതിലൊരാളാണ്. കോൺഗ്രസിൽ മുരളീധരന് ഒരുപാട് അഭ്യുദയകാംക്ഷികൾ ഉള്ളതിനാൽ തോറ്റുകൊണ്ടേയിരിക്കുമെന്നും ജയിക്കണമെന്നുണ്ടെങ്കിൽ ബി.ജെ.പിയിൽ വരണമെന്നും പറയാനുള്ള വലിയ മനസ് അദ്ദേഹത്തിനുണ്ടായി. പെങ്ങളൂട്ടിക്കു പിന്നാലെ പരിവാർ കുടുംബത്തിലേക്കു കടന്നുവരാൻ ജ്യേഷ്ഠൻ മടിക്കേണ്ടതില്ല. വന്നാൽ പഴയപോലെ മിന്നൽ മുരളിയാക്കാമെന്നാണ് ഓഫർ. പണ്ട് ഡി.ഐ.സിയെന്ന ഡിക്ക് പാർട്ടിയുണ്ടാക്കി കോൺഗ്രസ് വിട്ട സാഹചര്യം ഇപ്പോഴുണ്ടോയെന്ന് പരിശോധിച്ച് മുരളീധരൻജി വൈകാതെ തീരുമാനമെടുക്കുമെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ.

Advertisement
Advertisement