തമിഴ് നടനും ഗായകനുമായ പ്രേംജി വിവാഹിതനായി; ചിത്രങ്ങൾ വെെറൽ

Sunday 09 June 2024 5:42 PM IST

ചെന്നെെ: തമിഴ്‌ നടനും ഗായകനുമായ പ്രേംജി അമരൻ ( 45) വിവാഹിതനായി. തിരുത്തുനി മുരുകൻ ക്ഷേത്രത്തിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വിവാഹിതനായത്. ഇന്ദുവാണ് പ്രേംജിയുടെ വധു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. സംവിധായകൻ വെങ്കിട്ട് പ്രഭുവിന്റെ സഹോദരനാണ് പ്രേംജി. ചെന്നൈയിലെ വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ക്ഷണിച്ചതെന്നാണ് വിവരം.

പ്രേംജിയും ഇന്ദുവും തമ്മിൽ വർഷങ്ങളായി ലിംവിംഗ് ടുഗദർ ആണെന്നും ഒടുവിൽ ഇരുവരും കുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ വിവാഹിതരായെന്നും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്റെ മകനാണ് പ്രേംജി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് പ്രേംജി ശ്രദ്ധിക്കപ്പെട്ടത്. വല്ലവൻ, തോഴാ, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ 600028, സരോജ, ​ഗോവ, മങ്കാത്ത, മാസ് തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ പ്രേംജി അഭിനയിച്ചിട്ടുണ്ട്.

നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തോഴാ, മാങ്കാ, സോംബി, കസഡ തപറാ, മന്മഥ ലീലൈ, പാർട്ടി തുടങ്ങിയ ചിത്രങ്ങൾക്കായി ഈണമിട്ടു. വിജയ് നായകനാവുന്ന ​ഗോട്ട് ആണ് പ്രേംജിയുടേതായി വരാനിരിക്കുന്ന പ്രധാന ചിത്രം.

പ്രേംജി വിവാഹിതനാവൻ പോകുന്ന വിവരം ഏതാനും ദിവസങ്ങൾക്ക് മുൻപ് വെങ്കട്ട് പ്രഭു തന്റെ എക്സ് പേജിലൂടെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് അദ്ദേഹം പ്രേംജിയുടെ വിവാഹ വിവരം പങ്കുവച്ചത്.