റത്തിനയുടെ ചിത്രത്തിൽ സൗബിനും നവ്യനായരും

Monday 10 June 2024 6:19 AM IST

ഇന്ന് രാവിലെ 9ന് പൂജ

പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും നവ്യ നായരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 9ന് നടക്കും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ ആണ് നിർമ്മാണം. മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തി മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് പുഴു.

സൗബിൻ ഷാഹിറും നവ്യ നായരും ആദ്യമായാണ് ഒരുമിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ രണ്ടാംവരവ് നടത്തിയത്. ഒരുത്തീ നിർമ്മിച്ചതും ബെൻസി പ്രൊഡക്ഷൻസ് ആയിരുന്നു. സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം ആണ് നവ്യ നായരുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Advertisement
Advertisement