ട്രോളിംഗ് നിരോധനം; മീൻ രുചി ഇനി പൊള്ളും
കണ്ണൂർ: മത്സ്യങ്ങളുടെ പ്രജനകാലം കണക്കിലെടുത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു. ഈ സമയത്ത് കരയിൽനിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ ട്രോളിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. എന്നാൽ പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് നിരോധനം തടസ്സമല്ല. ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്കു മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾക്കുമാണ് നിരോധനം.
കാലാവസ്ഥയിലെ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ 10 മാസത്തെ സീസണിൽ ഈ വർഷം ആകെ കടലിലിറങ്ങാനായത് വെറും നാലഞ്ച് മാസം മാത്രം. ദുരിതങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ കാലയളവിൽ മത്സ്യമേഖല അഭിമുഖീകരിച്ചത്. കടലാക്രമണവും കാലാവസ്ഥ മുന്നറിയിപ്പും മത്സ്യലഭ്യതക്കുറവും മൂലം തീരം നേരത്തെ തന്നെ പട്ടിണിയിലേക്ക് നീങ്ങിയിരുന്നു. ട്രോളിംഗ് നിരോധനം ആഘാതം ഇരട്ടിയാക്കും. നിരോധന കാലയളവിന് മുമ്പ് കള്ളക്കടക്കൽ പ്രതിഭാസവും മഴ മുന്നറിയിപ്പും മുലം ആഴ്ചകളായി മത്സ്യബന്ധന യാനങ്ങൾ കടലിലിറങ്ങിയിട്ടില്ല. ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികളുടെ കാലമാണ്. ട്രോളിംഗ് നിരോധനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ട് പോയെന്ന് ഉറപ്പാക്കായിട്ടുണ്ട്.
വേണം ആശ്വാസ ധനസഹായം
ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷൻ മാത്രമാണ് ലഭിക്കുന്നത്. ആശ്വാസ ധനസഹായം കൂടി ലഭ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പച്ചക്കറി വില മേലോട്ട്
മത്സ്യലഭ്യത കുറയുന്നതോടെ ആളുകൾ വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് തിരിഞ്ഞാൽ പച്ചക്കറികൾക്കും വില കൂടും. വീട്ടിൽ തയ്യാറാക്കുന്ന സസ്യാഹാരത്തിന് ആവശ്യമായ പച്ചക്കറികളുടെ വില ഇപ്പോൾ തന്നെ ദിനംപ്രതി കുതിക്കുകയാണ്. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരി, ചേന തുടങ്ങിയ നിത്യേപയോഗ പച്ചക്കറികൾക്ക് മാർക്കറ്റിൽ വില മേലോട്ടാണ്.