യൂണിടാക്ക് ഫ്‌ളാറ്റ് നിർമ്മാണ കരാറിന് അഞ്ചാണ്ട് : ഇന്ന് കാട്ടുപൊന്തയ്ക്കും കാട്ടുപന്നിക്കുമായി ഒരിടം

Sunday 09 June 2024 9:15 PM IST

വടക്കാഞ്ചേരി: ലൈഫ് മിഷൻ അഴിമതിയെന്ന പേരിൽ സർക്കാറിനെ മുൾമുനയിൽ നിറുത്തിയ നഗരസഭയിലെ ചരൽപറമ്പ് ലൈഫ്മിഷൻ ഫ്‌ളാറ്റ് നിർമ്മാണത്തിന് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ കരാർ ഒപ്പിട്ടിട്ട് അഞ്ചാണ്ട്. വിവാദങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും പിന്നാലെ കെട്ടിടം ഇന്ന് നിത്യസ്മാരകമായി. കാട്ടുപൊന്തകൾ കെട്ടിടത്തേക്കാൾ ഉയരത്തിൽ വളർന്നു. കാലവർഷത്തിൽ ഫ്‌ളാറ്റിനുള്ളിലാകെ വെള്ളക്കെട്ടായി, കാട്ടുപന്നികളുടെ ആവാസ കേന്ദ്രമായി. ഒരു കാലത്ത് സംസ്ഥാന ദേശീയ നേതാക്കളുടെ നിരന്തര സന്ദർശന കേന്ദ്രമായിരുന്നു. ഇന്ന് ആരും തിരിഞ്ഞുനോക്കാനില്ല.

സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് പിടിച്ച ഒരു കോടി ലൈഫ് മിഷൻ ഫ്‌ളാറ്റ് അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന് കമ്മിഷൻ ലഭിച്ചതാണെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തലും, ശിവശങ്കറിന്റെ അറസ്റ്റും കെട്ടിടത്തെ വിവാദത്തിലാക്കി. എളുപ്പം ആർക്കും എത്തിപ്പെടാൻ കഴിയാത്ത പ്രദേശമാണ് 140 കുടുംബങ്ങൾക്കായി വീടൊരുക്കാൻ കണ്ടെത്തിയത്. ജലക്ഷാമം നേരിടുന്ന ചരൽപ്പറമ്പിൽ നിരവധി കുഴൽക്കിണർ കുഴിച്ചു. ഒന്നിൽ പോലും വെള്ളം ലഭിക്കാതായതോടെ, ലോറികളിൽ വെള്ളമെത്തിച്ചായിരുന്നു നിർമ്മാണപ്രവർത്തനം. ചെങ്കുത്തായ സ്ഥലത്ത് സ്ത്രീകൾക്കും, കുട്ടികൾക്കുമായുള്ള ആശുപത്രിയും സജ്ജീകരിച്ചു. യു.എ.ഇ ആസ്ഥാനമായ റെഡ്ക്രസന്റ് പ്രളയ പുനരധിവാസത്തിന് നൽകിയ 20 കോടിയിൽ ഒമ്പതേകാൽ കോടിയും പോയത് കമ്മിഷനായാണെന്നായിരുന്നു ഇ.ഡി കണ്ടെത്തൽ. വിവാദങ്ങളെ കടന്ന് ഭരണത്തുടർച്ച നേടിയപ്പോൾ നിർമ്മാണം പുനരാരംഭിക്കാൻ ലൈഫ് മിഷൻ സി.ഇ.ഒ പി.ബി.നൂഹിനെ സർക്കാർ ചരൽപ്പറമ്പിലേക്ക് അയച്ചു. എന്നാൽ നിർമ്മാണം പുനരാരംഭിക്കാൻ ഇനിയും കടമ്പകൾ കടക്കേണ്ട അവസ്ഥയാണ്. ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് മുതലായവ നടത്തി കെട്ടിടം സുരക്ഷിതമാണെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു.

നഗരസഭയ്‌ക്കെതിരെ കോൺഗ്രസ്

ഫ്‌ളാറ്റ് സമുച്ചയ നിർമ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് വടക്കാഞ്ചേരി നഗരസഭയ്ക്ക് സർക്കാർ അയച്ച കത്ത് പൂഴ്ത്തി വെ ച്ചിരിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ വാഗ്ദാനവും നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ പറഞ്ഞു. അതേസമയം കത്തൊന്നും സർക്കാർ അയച്ചിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്.


വിജിലൻസ് അന്വേഷണവും സ്തംഭിച്ചു

മുൻ എം.എൽ.എ അനിൽ അക്കര സി.ബി.ഐയെ സമീപിച്ചപ്പോൾ മുഖം രക്ഷിക്കാൻ ആരംഭിച്ച വിജിലൻസ് അന്വേഷണവും സ്തംഭിച്ചു. 2020 സെപ്‌റ്റംബറിൽ കേസെടുത്ത്, സി.ബി.ഐ വരും മുമ്പ് വടക്കാഞ്ചേരി നഗരസഭയിലെത്തി പ്രധാനപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. അനിലിന്റെ പരാതിയിൽ ആരംഭിച്ച സി.ബി.ഐ അന്വേഷണവും ഫ്രീസറിലായി.

ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ വാഗ്ദാനം നടപ്പായില്ല

കെ.അജിത്കുമാർ

പ്രതിപക്ഷ നേതാവ്

Advertisement
Advertisement