ശക്തൻ സ്റ്റാൻഡ് സാമൂഹിക വിരുദ്ധരുടെ താവളം

Sunday 09 June 2024 9:23 PM IST

തൃശൂർ: രാത്രി പതിനൊന്നിനും പുലർച്ചെ അഞ്ചിനും ഇടയിൽ ശക്തൻസ്റ്റാൻഡ് പോക്കറ്റടിക്കാരുടെയും സാമൂഹികവിരുദ്ധരുടെയും പ്രധാനതാവളമാകുന്നു.

ഇന്നലെ പുലർച്ചെ ശക്തൻസ്റ്റാൻഡിലെ ഇരിപ്പിടങ്ങളിലിരുന്ന് ഉറങ്ങിയിരുന്ന യാത്രക്കാരുടെ ബാഗ് മോഷ്ടാക്കൾ കവർന്നു. ബസിൽ കയറുന്നതിനിടെ ബാഗ് മറന്നുവച്ചെന്നു കരുതി ഇരിപ്പിടത്തിലേക്ക് ചെന്നു നോക്കിയെങ്കിലും കണ്ടെത്താനായില്ല. കുറ്റകൃത്യം തടയാൻ പതിന്നാലോളം സി.സി.ടി.വി ക്യാമറകളാണ് ശക്തൻസ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചത്. എന്നാൽ ക്യാമറകളൊന്നും ശരിയാംവിധം പ്രവർത്തിക്കുന്നില്ലെന്ന് ബസ് കണ്ടക്ടർമാർ പറയുന്നു.

മുൻ എം.പി ടി.എൻ പ്രതാപൻ മുൻകൈയെടുത്താണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത്. തെരുവുനായ്ക്കളും കൂടി സ്റ്റാൻഡിലെ ഒരുഭാഗം കൈയടക്കുന്നതോടെ ഭീതിയോടെയാണ് യാത്രികർ ഇവിടേക്ക് വരുന്നത്. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ നായയുടെ കടിയേൽക്കും. ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവരാണ് പുലർച്ചെ അഞ്ചിന് മുമ്പ് ശക്തൻസ്റ്റാൻഡിലെത്തുന്നവരിൽ ഭൂരിഭാഗം പേരും. പലരും യാത്രാക്ഷീണത്തിലാകും. ശക്തൻസ്റ്റാൻഡിൽ വർഷങ്ങൾക്ക് മുമ്പ് വാട്ടർപ്യൂരിഫയർ ഉണ്ടായിരുന്നത് തകരാറിലായതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചില്ല. കുടിവെള്ളം കടകളിൽ നിന്നും വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് സ്വകാര്യ ബസ് ജീവനക്കാരും സ്റ്റാൻഡിലെത്തുന്ന യാത്രികരും.

Advertisement
Advertisement