തീരശോഷണം തടയാൻ ശംഖുംമുഖത്ത് പുലിമുട്ട്

Monday 10 June 2024 1:29 AM IST

തിരുവനന്തപുരം: ശംഖുംമുഖത്ത് ശക്തമായ തിരയെത്തുടർന്നുണ്ടാകുന്ന തീരശോഷണം തടയാൻ പുലിമുട്ട് നിർമ്മിക്കാനുള്ള പുതിയ പദ്ധതി രേഖയുമായി ഇറിഗേഷൻ വകുപ്പ്. ലോക ബാങ്ക് സഹായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി.പി.ആർ ലോക ബാങ്ക് അധികൃതർക്ക് സമർപ്പിച്ചു. ഇതേത്തുടർന്ന് ലോകബാങ്ക് പ്രതിനിധികൾ ശംഖുംമുഖം തീരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് തുക അനുവദിക്കുക. വിവിധ രാജ്യങ്ങളിൽ ഇത്തരം പദ്ധതികൾക്ക് ലോക ബാങ്ക് സഹായം നൽകുന്നുണ്ടെന്നും അതനുസരിച്ച് പഠനം നടത്തിയാണ് ഡി.പി.ആർ സമർപ്പിച്ചതെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. രണ്ടു മാസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കടലേറ്റത്തിൽ ജില്ലയിൽ തീരശോഷണമുണ്ടാകുന്ന പ്രധാന തീരങ്ങളിലൊന്നാണ് ശംഖുംമുഖം. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം.

പ്രതീക്ഷിക്കുന്ന ചെലവ്: 71 കോടി രൂപ

പദ്ധതി ഇങ്ങനെ

തീരത്തു നിന്ന് 1.2 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കും. 600 മീറ്റർ ഇടത്തോട്ടും വലത്തോട്ടുമായാണ് നിർമ്മാണം.

ബീച്ചിന് സമാനമായി കടലിലേക്കിറക്കിയാണ് പുലിമുട്ട് നിർമ്മിക്കുന്നത്. 1.2 മീറ്റർ മാത്രമേ കടലിന് പുറമേ കാണുകയുള്ളൂ. ബാക്കി ഭാഗം കടലിനടിയിൽ.

ഗുണങ്ങൾ

ശക്തമായി തിരയടിച്ചാൽ പുലിമുട്ടിൽ തട്ടി ശക്തി കുറഞ്ഞേ ബീച്ചിലേക്ക് എത്തുകയുള്ളൂ.

കടലാക്രമണ സമയത്ത് പോലും തീരം ഇടിയാതെ സംരക്ഷിക്കാനാകും.

പൂന്തുറയിലെ ജിയോ ട്യൂബ് പദ്ധതി ഈ വർഷം

പൂന്തുറ തീരത്തെ കടലേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സ്ഥാപിക്കുന്ന ജിയോ ട്യൂബിന്റെ പ്രവൃത്തികളും ഈ വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. പരമ്പരാഗത കടൽഭിത്തി നിർമ്മാണംകൊണ്ട് കടലാക്രമണത്തെ ചെറുക്കാനാകാത്ത സാഹചര്യമാണ്. പാറക്കല്ലിന്റെ ലഭ്യതക്കുറവുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടലാക്രമണം നേരിടുന്ന പൂന്തുറ മുതൽ ശംഖുംമുഖം വരെ പൈലറ്റ് പ്രോജക്‌ട് രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 150 കോടിയാണ് പദ്ധതി തുക. ശംഖുംമുഖത്തെ ലോക ബാങ്ക് പദ്ധതി നടന്നില്ലെങ്കിൽ അവിടെയും ജിയോ ട്യൂബ് നിർമ്മിക്കാനും ആലോചനയുണ്ട്.

പകലും രാത്രിയും ഒരേ പോലെ ഓൺ

ശംഖുംമുഖത്ത് ബീച്ച് നിർമ്മാണവും സൗന്ദര്യവത്കരണവും നിലച്ചെങ്കിലും സഞ്ചാരികളുടെ വരവിന് യാതൊരു കുറവുമില്ല. രാത്രിയും പകലും തീരം ഓണാണ്. മാനവീയം വീഥി പോലെ നൈറ്റ് ലൈഫ് കേന്ദ്രമാണ് ഇവിടെയും. കടൽത്തീരത്തെ വിപണികളും സജീവം.

Advertisement
Advertisement