മുംബയിൽ ഒരേ റൺവേയിൽ ഒരേസമയം രണ്ടു വിമാനങ്ങൾ, വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

Monday 10 June 2024 12:00 AM IST

മുംബയ്: മുംബയ് വിമാനത്താവളത്തിൽ മലയാളികളുൾപ്പെടെ നൂറ് കണക്കിന് യാത്രക്കാർ കയറിയ രണ്ടു വിമാനങ്ങൾ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒരു വിമാനം ടേക്കോഫ് ചെയ്യുമ്പോൾ അതേ റൺവേയിൽ മറ്റൊരു വിമാനം ലാൻഡ് ചെയ്‌തതാണ് ദുരന്തസാഹചര്യം സൃഷ്ടിച്ചത്.

മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്കോഫ് ചെയ്‌ത റൺവേയിലാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഇൻഡോറിൽ നിന്നു വന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നതോടെയാണ് ചർച്ചാവിഷയമായത്.

ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്നു മാറ്റി.

എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ലാൻഡിംഗിന് അനുമതി കിട്ടിയെന്ന് ഇൻഡിഗോയും ടേക്കോഫിന് അനുമതി ലഭിച്ചെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് എ.ടി.സി നിർദ്ദേശങ്ങൾ പാലിച്ച് ലാൻഡ് ചെയ്യുന്നതിനിടെയാണ് അതേ റൺവേയിൽ പ്രവേശിക്കാനും തുടർന്ന് ടേക്കോഫിനും എയർ ഇന്ത്യയ്ക്ക് നിർദ്ദേശം ലഭിച്ചത്. എയർ ഇന്ത്യ പൈലറ്റും നടപടിക്രമങ്ങൾ പാലിച്ച് ടേക്കോഫ് ചെയ്‌തു. എയർ ഇന്ത്യ വിമാനത്തിന്റെ ടേക്കോഫ് അല്പം വൈകിയിരുന്നെങ്കിൽ ഇൻഡിഗോ വിമാനം അതിൽ വന്നിടിച്ച് വൻദുരന്തം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.

യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്നും നടപടിക്രമം അനുസരിച്ച് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.

Advertisement
Advertisement