'ജലപാത'യായി ദേശീയപാത എങ്ങും അപകടക്കുഴി 

Monday 10 June 2024 12:08 AM IST
ദേശീയ പാതയില്‍ കരിവെള്ളൂര്‍ അടിപ്പാതയ്ക്ക് സമീപം വെള്ളം കെട്ടിക്കിടക്കുന്നു.

കണ്ണൂർ: മഴശക്തമായതോടെ,​ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ പലഭാഗങ്ങളും കുഴിപ്പാതയും ജലപാതയുമായി. കനത്തമഴയിൽ പലയിടത്തും റോഡ് തോടായി മാറുന്ന കാഴ്ചയാണ്. ക്വാറി വേസ്റ്റും ടാർ പൊടിയും ഉപയോഗിച്ച് ഒരുക്കിയ സർവീസ് റോഡുകൾ ചെളിക്കുളമായതോടെ ഗതാഗത കുരുക്കും രൂക്ഷമാണ്.

ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതിനാലാണ് റോഡിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടത്. കാലവർഷം ഇനിയും ശക്തമാകുമ്പോൾ ദുരിതം വർദ്ധിക്കും. മഴക്കാല മുന്നൊരുക്കങ്ങൾ പൂർണതോതിൽ നടത്താതിരുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പണി വേഗം തീർക്കാൻ നിർമ്മാണക്കരാർ കമ്പനികൾ ശ്രമിക്കുന്നതിനിടെയാണു മഴ ശക്തമായത്.
പുതുതായി നിർമ്മിച്ച ഓട പഴയ റോഡിനെക്കാൾ ഉയരത്തിലാണ്. മണ്ണുമാന്തി ഉപയോഗിച്ച് ഓടയുടെ ഭിത്തി പൊട്ടിച്ചാണ് ഇപ്പോൾ വെള്ളം ഒഴുക്കിവിടുന്നത്. റോഡരികിൽ പുതുതായി മണ്ണിട്ട് ഉയർത്തിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ താഴ്ച അറിയാനാവില്ല. വാഹനം വെള്ളത്തിലേക്കിറങ്ങി ചെളിയിൽ താഴ്ന്നു തുടങ്ങുമ്പോഴാണ് അപകടം മനസ്സിലാകുക. റോഡരികിലെ വെള്ളക്കെട്ടു കാരണം സമീപത്തെ വീടുകളിലുള്ളവരും പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്.


ചെളിക്കുളമായി അണ്ടർപാസേജുകളും

മഴ പെയ്തതോടെ അണ്ടർപാസേജുകളും ചെളിക്കുളമായി. മിക്കയിടത്തും താൽക്കാലിക പാതകൾ ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ ഉറപ്പിച്ചിട്ടില്ല. വാഹനങ്ങൾ ഓടുമ്പോൾ മെറ്റൽ ഇളകി കുഴികളാകുകയാണ്. വാഹനങ്ങൾ കുഴികളിലൂടെ പോകാൻ സമയമെടുക്കുന്നതിനാൽ ഗതാഗതക്കുരുക്കുമുണ്ട്.

സിഗ്നലുകൾ സ്ഥാപിച്ചില്ല

പുതിയ ടാറിംഗിന് മിനുസം കൂടുതലായതിനാൽ അപകടം പതിവായിരിക്കുകയാണ്. മഴ പെയ്തതോടെ വാഹനങ്ങൾക്ക് നിയന്ത്രണം ലഭിക്കാതെ മറിയുന്ന അവസ്ഥയാണിപ്പോൾ. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. പണി പൂർത്തിയായ പാതകൾ സിഗ്നലുകളോ ഡിവൈഡറുകളോ ഇല്ലാതെ തുറന്നു കൊടുത്തതും അപകടം വർദ്ധിപ്പിക്കുന്നു. നാലുവരി പാതയിലെ ഇരുവശങ്ങളിൽ നിന്നുമുള്ള ഓവർടേക്കിംഗും സൈഡ് മിററുകൾ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നതും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. പണി പൂർത്തിയായാലേ സിഗ്നലുകളും ഡിവൈഡറുകളും സ്ഥാപിക്കൂ.


അപകട മുനമ്പായി മാഹി ബൈപ്പാസ്

മൈസൂർ - ബംഗളൂരു എക്സ്‌പ്രസ് ഹൈവേയുടെതിന് സമാനമായി പുതുതായി നിർമ്മിച്ച തലശേരി - മാഹി ബൈപ്പാസ് റോഡിലും അപകടങ്ങൾ വർദ്ധിക്കുകയാണ്. ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ഡ്രൈവർമാരുടെ അജ്ഞതയും പ്രധാന പ്രശ്നമാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലി സ്പിന്നിംഗ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നൽ പോസ്റ്റിലാണ് കൂടുതൽ അപകടങ്ങൾ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഇവിടെ അറുപതിലേറെ അപകടങ്ങൾ നടന്നു.

Advertisement
Advertisement