മെക്സിക്കൻ പ്രണയത്തിന് ഇന്ന് മംഗല്യസാഫല്യം

Monday 10 June 2024 1:01 AM IST

ആലപ്പുഴ: പതിറ്റാണ്ട് പിന്നിട്ട മെക്സിക്കൻ പ്രണയത്തിന് ഇന്ന് മംഗല്യസാഫല്യം. ചങ്ങനാശേരി ചീരംചിറയിൽ മുതിരപ്പറമ്പിൽ വിൻസന്റ് -റാണി ദമ്പതികളുടെ മകളും നഴ്സുമായ ഷാർലറ്റും (25) മെക്സിക്കൻ വംശജരായ ഹു ആൻ- മരിയ ദമ്പതികളുടെ മകനും എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ സാമുമാണ്(27) ചങ്ങനാശേരി വെരൂർ സെന്റ് ജോസഫ്സ് പള്ളിയിൽ ഇന്ന് വിവാഹിതരാകുന്നത്. പുളിങ്കുന്ന് പള്ളിവികാരി ഫാ.ടോം പുത്തൻകുളവും പാറമ്പുഴ പള്ളിവികാരി ജോസഫ് ചൂരവടിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

അമേരിക്കയിലെ ബൂസ്റ്രണിൽ സൂപ്പർ മാർക്കറ്റ് ഉടമയാണ് വിൻസന്റ്. ഹൈസ്‌കൂൾ പഠന കാലത്താണ് സാം, ഷാർലറ്റുമായി സൗഹൃദത്തിലായത്. ബന്ധം ദൃഢമായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ബൂസ്റ്റണിൽ നഴ്സായി ജോലി നോക്കി വരികയാണ് ഷാർലറ്റ്. വിവാഹ ഒരുക്കവുമായി ബന്ധപ്പെട്ട് സാമിന്റെ മാതാപിതാക്കളും അടുത്ത പത്ത് ബന്ധുക്കളും റാണിയുടെ മാതാപിതാക്കളും കുടുംബ സുഹൃത്തുക്കളും കഴിഞ്ഞയാഴ്ച നാട്ടിലെത്തിയിരുന്നു.

വേമ്പനാട്ട് കായലിനെ സാക്ഷിയാക്കി ആലപ്പുഴയിലായിരുന്നു വിവാഹനിശ്ചയം. മെക്സിക്കൻ ഭൂപ്രകൃതിയോടുള്ള സാമ്യവും ഷാർലറ്റിന്റെ ജന്മനാടിനോടുള്ള സ്‌നേഹവും കണക്കിലെടുത്താണ് വിവാഹം കേരളത്തിലാക്കാൻ സാമും കുടുംബവും തീരുമാനിച്ചത്. ഷാർലറ്റുമായുള്ള സൗഹൃദത്തിലൂടെ പഠിച്ച മലയാളമാണ് സാമിന് കേരളത്തിലെ തുണ. അമേരിക്കയിൽ ഗൾഫ് കോസ്റ്റ് എഡ്യുക്കേറ്റർ ബാങ്കിൽ മാനേജരായ ഷാരോണാണ് ഷാർലറ്റിന്റെ സഹോദരൻ. വിവാഹശേഷം സാമിന്റെ വീട്ടുകാരും ബന്ധുക്കളും 14നും നവദമ്പതികൾ 20നും അമേരിക്കയ്ക്ക് തിരിക്കും. തിരുവല്ല വിജയാകൺവെൻഷൻ സെന്ററിലാണ് വിവാഹവിരുന്ന്.

Advertisement
Advertisement