താമരക്കുമ്പിളിലെ ജീവിതം

Monday 10 June 2024 12:04 AM IST

ജോർജ് കുര്യന്റെ കേന്ദ്രമന്ത്രിസ്ഥാനം ജില്ലയ്ക്കും ആഹ്ലാദം

കോട്ടയം: ആദ്യം കണ്ണന്താനം, ഇപ്പോൾ ജോർജ് കുര്യൻ. മോദി സർക്കാരിന്റെ ഇടവേളകളിൽ വന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും കോട്ടയംകാർ. കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയപ്പോൾ പാർട്ടി പ്രവർത്തകരിൽ പലരും നെറ്റി ചുളിച്ചെങ്കിൽ ജോർജ് കുര്യന്റെ സ്ഥാനലബ്ധിയെ കൈയടിയോടെയാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് മത്സര രംഗത്തോ, ഫലം അറിഞ്ഞ ശേഷം പരിഗണിക്കുന്നവരുടെ പേരുകളിലോ ഉയരാത്ത പേരാണ് ജോർജ് കുര്യന്റേത്. ഒന്നാം മോദി സർക്കാരിൽ പല ഘട്ടങ്ങളിലായി പറഞ്ഞു കേട്ട ശേഷമാണ് കണ്ണന്താനം മന്ത്രിയായത്. സംസ്ഥാന - ജില്ലാ നേതൃത്വങ്ങളുടെ താത്പര്യം ആരാഞ്ഞിരുന്നില്ല. അധികാരം കിട്ടുമ്പോൾ മാത്രം പാർട്ടിയിലെത്തുന്നവർക്ക് ഉന്നത സ്ഥാനം നൽകുന്നത് വിമർശനത്തിനുമിടയാക്കി. എന്നാൽ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതാണ് ജോർജ് കുര്യനെ സർവസ്വീകാര്യനാക്കുന്നത്.

പ്രതിപക്ഷ ബഹുമാനത്തോടെ ചാനൽ ചർച്ചകളിൽ സംസാരിക്കുന്ന ജോർജ് കുര്യൻ മലയാളിക്ക് പരിചിതമുഖമാണ്. മണിപ്പൂർ വിഷയം കത്തിക്കയറിയ നാളുകളിൽ പ്രതിരോധം തീർത്തുള്ള പക്വമായ വാക്കുകൾ ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ദേശീയ നേതാക്കളുടെ പ്രസംഗങ്ങളുടെ സ്ഥിരം പരിഭാഷകനുമാണ്. സാധരണ പ്രവർത്തകരുമായും ആഴത്തിലുള്ള ബന്ധമാണ്.

തുണച്ചത് ഡൽഹി ബന്ധം
പാർലമെന്റിലേക്കും, നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ടെങ്കിലും ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ജോർജിന്റെ പ്രവർത്തനമേറെയും. നേതൃതലത്തിൽ പല മാറ്റങ്ങളുണ്ടായപ്പോഴും സംസ്ഥാനലത്തിൽ സ്ഥാന നഷ്ടമുണ്ടാകാതെ തുടർന്നിരുന്ന നേതാക്കളിലൊരാളാണ്. അൽഫോൻസ് കണ്ണന്താനത്തിലൂടെ ലക്ഷ്യമിട്ടത് പോലെ, ക്രിസ്ത്യൻ വിഭാഗത്തിന് ബി.ജെ.പിയോടുള്ള അകൽച്ച കുറയ്ക്കുകയെന്ന ലക്ഷ്യവും ജോർജിന്റെ മന്ത്രി പദവിയിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.

ജോർജ് കുര്യൻ വരുമ്പോൾ

ക്രിസ്ത്യൻ വിഭാഗവും പാർട്ടിയുമായുള്ള പാലം

 ജില്ലയിലെ പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകരം

 കൂടുതൽ കേന്ദ്ര പദ്ധതികൾ ജില്ലയിലേയ്ക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ

Advertisement
Advertisement