ഓൺലൈൻ ട്രേഡിങ്ങിൽ വൻതുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Monday 10 June 2024 5:16 AM IST

കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ്ങിൽ വൻതുക വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി 6,50,0000 രൂപ നഷ്ടമായതായി പരാതി. വൈത്തിരി സ്വദേശിയാണ് ഇത് സംബന്ധിച്ച് വയനാട് സൈബർ പൊലീസിൽ പരാതി നൽകിയത്. കേസിൽ അന്വേഷണം നടത്തി വരുകയാണെന്നും, ജനങ്ങൾ ഇത്തരം ഓൺലൈൺ കെണികളിൽ കുടുങ്ങാതെ ജാഗരൂകരാകണമെന്നും വയനാട് ജില്ലാ പൊലീസ് അറിയിച്ചു. വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ട്രേഡിംഗ് നടത്തുന്നവരുടെ ഫോൺ നമ്പരുകളും മറ്റു വിവരങ്ങളും ശേഖരിച്ച് വാട്സ്ആപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും നിരന്തരം ബന്ധപ്പെട്ട് കൂടുതൽ ലാഭകരമായി ട്രേഡിംഗ് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വ്യാജ ഓൺലൈൻ പ്ലാറ്റ്‌ഫോം സൈറ്റുകളുടെ ലിങ്ക് അയച്ചുകൊടുത്ത് അതിലൂടെ പണം തട്ടിയെടുക്കുന്ന രീതിയാണിത്. ഇത്തരം സൈറ്റുകളിൽ സൈൻ ഇൻ ചെയ്തു കയറുന്നവർക്ക് മറ്റു ഓൺലൈൻ ട്രേഡിംഗ് സൈറ്റുകളിൽ ട്രേഡിംഗ് നടത്തുന്നതുപോലെ ഷെയറുകൾ വാങ്ങാനും വിൽക്കാനും സാധിക്കും. ലാഭ നഷ്ട കണക്കുകളും ബാലൻസും കൃത്രിമമായി കാണിക്കുകയും ചെയ്യും. ഇത് കണ്ട് വിശ്വസിക്കുന്നവർ കൂടുതൽ പണം നിക്ഷേപിക്കുകയും ചെയ്യും. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് ചതി മനസിലാകുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം ( (GOLDEN HOUR ) തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.

Advertisement
Advertisement