ചാകരയും കൈവിടുന്നു !

Monday 10 June 2024 1:16 AM IST

അമ്പലപ്പുഴ: കടലാക്രമണം രൂക്ഷമായ തീരത്ത് ചാകര കനിയാത്തത് മത്സ്യതൊഴിലാളി കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. തോട്ടപ്പള്ളി മുതൽ പറവൂർ വരെയാണ് മുൻ വർഷങ്ങളിൽ ചാകര ഉറച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മത്സ്യ ബന്ധനത്തിന് പോയ വള്ളങ്ങൾ വെറും കൈയോടെ മടങ്ങുകയായിരുന്നു. ഏതാനും ചിലവള്ളങ്ങൾക്ക് മാത്രമാണ് കുറച്ചെങ്കിലും മീൻ കിട്ടിയത്. പൂവാലൻ ചെമ്മീനായിരുന്നതിനാൽ അതിന് വിലയും കുറവായിരുന്നു.

ചാകരയാണ് ഒരു വർഷത്തെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ. മുൻ കാലങ്ങളിൽ ജൂൺ ആരംഭത്തിൽ തന്നെ ചാകര പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാൽ ,മാസം പിറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ചാകര പ്രത്യക്ഷപ്പെടാത്തത് മത്സ്യതൊഴിലാളികളെ ആശങ്കയിലാക്കുന്നു.

ട്രോളിംഗ് നിരോധന കാലമായ ജൂൺ, ജൂലായ് മാസങ്ങളിലെ ചാകരയാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഏക പ്രതീക്ഷ. ചാകര മത്സ്യതൊഴിലാളികൾക്ക് മാത്രമല്ല അനുബന്ധ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒരുപോലെ നല്ലകാലമാണ്.

കാലം തെറ്റിയുള്ള കാലാവസ്ഥയും കള്ളക്കടലും മത്സ്യസമ്പത്ത് കുറയാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ രണ്ടുമാസമായി മത്സ്യബന്ധനം കാര്യമായി നടന്നിട്ടില്ല. കാലാവസ്ഥ മുന്നറിയിപ്പും കള്ളക്കടലും മത്സ്യബന്ധനത്തെ സാരമായി ബാധിച്ചു. കാലവർഷം കനക്കുന്നതോടെ കടലിൽ പോകാനും കഴിയില്ലെന്നും അവർ പറയുന്നു.

Advertisement
Advertisement