ആർ.സി.സിയിലെ സൈബർ അക്രമത്തിന് പിന്നിൽ റഷ്യൻ സംഘം

Monday 10 June 2024 6:23 AM IST

ആശുപത്രിയിലെ നെറ്റ്‌വർക്കിന് മതിയായ സുരക്ഷയൊരുക്കിയിരുന്നില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) സെർവറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ റഷ്യൻ ഹാക്കർമാരാണെന്ന് പൊലീസ് സൈബർ വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഏപ്രിൽ 28ന് നടന്ന ആക്രമണത്തിൽ ആശുപത്രിയിലെ റേഡിയേഷൻ ചികിത്സ ഒരാഴ്ചയോളം മുടങ്ങിയിരുന്നു.മറ്റു വിഭാഗങ്ങളുടെ പ്രവർത്തനത്തേയും ബാധിച്ചു.ആക്രമണത്തിന് പിന്നാലെ 100 മില്യൺ ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് സന്ദേശവും ലഭിച്ചിരുന്നു.തുടർന്നുള്ള അന്വേഷണത്തിലാണ് റഷ്യയിൽ നിന്നാണ് ആക്രമണമെന്ന് കണ്ടെത്തിയത്.ആർ.സി.സിയിലെ സൈബർ ആക്രമണം കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 20 ലക്ഷത്തോളം രോഗികളുടെ വിവരങ്ങൾ ഹാക്കർമാരിലേക്ക് എത്തിയെന്നാണ് വിവരം.എന്നാൽ ബാക്കപ്പുള്ളതിനാൽ രോഗികളുടെ തുടർചികിത്സയെ ഇത് ബാധിക്കില്ല.

ആശുപത്രിയുടെ നെറ്റ്‌വർക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും കണ്ടെത്തി.ആർ.സി.സിയുടെ സെർവറുകളിലേക്ക് പ്രവേശിക്കുന്നതിന് നെറ്റ്‌വർക്ക് സുരക്ഷയിൽ പ്രധാനമായ ഫയർവാളിലെ തകരാറുകളാണ് ഹാക്കർമാർ അവസരമാക്കിയത്. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും (സി.ഇ.ആർ.ടി) സംസ്ഥാന പൊലീസിന്റെ സൈബർ അന്വേഷണ വിഭാഗവും നടത്തിയ സുരക്ഷാ ഓഡിറ്റിംഗിലാണ് വ്യക്തമായത്.നെറ്റ്‌വർക്കിലെ തകരാറുകൾ കാരണം 140 കമ്പ്യൂട്ടറുകളിൽ 25 എണ്ണം മാത്രമാണ് സൈബർ വിദഗ്ദ്ധർക്ക് ഓഡിറ്റിംഗിന് വിധേയമാക്കാനായത്. തുടർനടപടികൾ പുരോഗമിക്കുകയാണ്.

Advertisement
Advertisement