അമ്പലപ്പുഴയിൽ കലികയറി കടൽ

Monday 10 June 2024 2:16 AM IST

അമ്പലപ്പുഴ: കടലേറ്റം രൂക്ഷമായതോടെ തീരദേശജീവിതം ദുരിതപൂർണമായി. ഒരു വീട് പൂർണ്ണമായും തകർന്നു. നിരവധി വീടുകൾ ഭീഷണിയിലാണ്. രണ്ടു ദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പുതുവൽ മോളിയുടെ വീടാണ് തകർന്നത്.സർവ്വതും കവർന്നെടുത്ത കടലിനെ ദയനീയമായി നോക്കിനിൽക്കുന്ന വിധവയായ മോളിയും അവരുടെ സങ്കടവും ആരുടെയും കണ്ണുനനയിക്കും. മോളിയും മകൻ ബബിൻരാജും ഭാര്യ ശ്രീലക്ഷ്മിയും കുട്ടികളും അടുങ്ങുന്ന കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ്.പുതുവൽ മധു, പുതുവൽ രാജേഷ് എന്നിവരുടെ വീടുകൾ ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. പതിമൂന്നാം വാർഡ് കുറ്റുംമൂട്ടിൽ രത്നകുമാർ, പുതുവൽ സന്തോഷ്, പുതുവൽ സനൽ എന്നിവരുടെ വീടുകളിലും കടൽ അടിച്ചുകയറി.

പതിനഞ്ചാം വാർഡ് പുതുവൽ ഉദയപ്പന്റെ വീട്ടിൽ മണലും കടൽവെള്ളവും അടിച്ചു കയറി താമസയോഗ്യമല്ലാതായി. കടലേറ്റം ശക്തമായതോടെ ഉറക്കമില്ലാത്ത രാത്രികളാണ് മത്സ്യതൊഴിലാളികൾക്ക്. വർഷങ്ങളോളം അദ്ധ്വാനിച്ചുണ്ടാക്കിയ വീടുകൾ കടൽ കവരുമോ എന്ന ഭീതിയിലാണ് അവർ.

വീട് തകർന്നു,​ തീരം ഭീതിയിൽ

1. കടൽ ക്ഷോഭം 13, 14, 15 വാർഡുകളിലാണ് രൂക്ഷമായത്. ഇവിടെ കടൽഭിത്തി തകർന്ന ഒരു കിലോമീറ്ററോളം സ്ഥലത്താണ് കടൽവെള്ളം ഇരച്ചുകയറുന്നത്. ഈ ഭാഗത്തെ കടൽഭിത്തിയിലെ കല്ലുകൾ മണലിൽ താഴ്ന്നുപോയതായിരുന്നു. ചിലയിടങ്ങളിൽ ടെട്രോ പാഡുകൾ നിരത്തിയിട്ടുണ്ടെങ്കിലും പൂർണ്ണമായിട്ടില്ല

2. പതിനഞ്ചാം വാർഡിൽ നൂറു മീറ്ററോളം പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ട്യൂബുകൾ നിരത്തിയിരുന്നു. എന്നാൽ,​ ഇവയും പൂർണ്ണമായി തകർന്നു. പുന്നപ്ര ഫിഷ് ലാന്റിലെ ഹൈമാസ്റ്റ് ലൈറ്റ് തകർന്നു. അഞ്ചു മീറ്റർ കടന്നാൽ ഫിഷ് ലാന്റും ഓർമ്മയായും


3. പുന്നപ്ര വിയാനി, നർബോന തീരങ്ങളിലും കടൽകയറ്റം ശക്തമാണ്. കൂറ്റൻ തിരമാലകൾ ഇരച്ചുകയറി പല വീടുകളും വെള്ളക്കെട്ടിലാണ്.

Advertisement
Advertisement