കൈക്കൂലി: നഗരസഭ സോണൽ ഓഫീസുകളിൽ ആഭ്യന്തര വിജിലൻസ് പരിശോധന

Monday 10 June 2024 3:23 AM IST

തിരുവനന്തപുരം:നഗരസഭ സോണൽ ഓഫീസുകളിൽ തദ്ദേശ വകുപ്പിന്റെ വിജിലൻസ് വ്യാപക പരിശോധനയ്ക്കൊരുങ്ങുന്നതായി സൂചന. അനധികൃത സർട്ടിഫിക്കറ്റുകൾക്ക് മദ്യവും പണവും പാരിതോഷികം വാങ്ങുന്നത് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ കുടപ്പനക്കുന്ന് സോണൽ ഓഫീസിലെ റവന്യു ഇൻസ്പെക്ടർ പ്രകാശ് കുമാറിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് പരിശോധനയ്ക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ സെക്ഷൻ ക്ളർക്ക് ഫെലിക്സിനെ വാമനപുരം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.എന്നാൽ ഫെലിക്സ് നിരപരാധിയാണെന്നാണ് വാദം.പ്രകാശ് കുമാറാണ് എല്ലാം ചെയ്തതെന്നാണ് വിജിലൻസിന്റെയും റിപ്പോർട്ട്.നഗരസഭയുടെ മറ്റ് സോണൽ ഓഫീസുകളെപ്പറ്റിയും അവിടത്തെ ചില ഉദ്യോഗസ്ഥരെപ്പറ്റിയും പരാതികൾ വിജിലൻസിന് ലഭിച്ചതായാണ് സൂചന. ഈ സാഹര്യത്തിലാണ് ശുദ്ധീകലശമെന്ന പേരിൽ വിജിലൻസ് പരിശോധന വ്യാപകമാക്കുന്നത്. ആരോഗ്യ വിഭാഗത്തിനെതിരെയാണ് കൂടുതൽ പരാതികൾ ഉയർന്നുവരുന്നത്. ഭരണസമിതി മുഴുവനായി ഇതിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും മേയറും ഡെപ്യൂട്ടി മേയറും ഇതിന് പിന്തുണയുമായി രംഗത്തുണ്ട്. വരും ദിവസങ്ങളിൽ മിന്നൽ പരിശോധന അടക്കം നടക്കുമെന്നാണ് സൂചന.നഗരസഭാതലത്തിലും ഒരു രഹസ്യ പരിശോധന ഇതുസംബന്ധിച്ചുണ്ടായേക്കും.

Advertisement
Advertisement