പാർട്ട് ടൈം ജോലി തട്ടിപ്പ്: 66.72 ലക്ഷം നഷ്ടമായി

Monday 10 June 2024 4:25 AM IST

കണ്ണൂർ: ജില്ലയിൽ സൈബർ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞദിവസവും പാർട്ട് ടൈം ജോലി തട്ടിപ്പിൽ കുടുങ്ങി നിരവധിപേർക്ക് ലക്ഷങ്ങൾ നഷ്ടമായി.
കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പുതുതായി ലഭിച്ച അഞ്ച് പരാതികളിലായി 66,72,710 രൂപ നഷ്ടമായത്. വ്യത്യസ്ത പരാതികളിൽ 47,61,000 രൂപ, 16,82,010 രൂപ, 1,23,000 രൂപ 99,500 രൂപ, 7200 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്. അടുത്ത കാലത്തതായി ജില്ലയിൽ നിരവധി പേർക്കാണ് ഓൺലൈൻ പാർട്ട് ടൈം ജോബ് ഓഫറിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.

ഫോണിലേക്ക് തട്ടിപ്പുകാർ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി ഒരു സന്ദേശം അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. സന്ദേശത്തിൽ നൽകിയ നമ്പറിലേക്ക് തിരികെ മറുപടി നൽകിയാൽ ഒരു ചാറ്റ് ആപ്പിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടും. ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കും. അതിനായി ചെറിയ ടാസ്കുകൾ നൽകി പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടി പണം തിരികെ നൽകും. ഇത്തരത്തിൽ മൂന്ന് നാല് തവണ ആവർത്തിക്കും.

ശേഷം ടാസ്‌ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ പണം കാണിക്കുകയും ചെയ്യും. ടാസ്‌ക് പൂർത്തീകരിച്ചാൽ ലാഭത്തോടു കൂടിയുള്ള പണം സ്‌ക്രീനിൽ കാണിക്കും. തുടർന്ന് ടാസ്‌ക് ചെയ്യുന്നതിനായി കൂടുതൽ പണം ചോദിക്കുകയും പണം പിൻവലിക്കാൻ നോക്കിയാൽ പറ്റാതെ വരികയും ചെയ്യും. പിൻ വിലിക്കണമെങ്കിൽ ടാക്സ് അടയ്ക്കണമെന്നും അതിനായി പണം നൽകണമെന്നും പറയും. ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് പണം അടിച്ചെടുക്കുകയല്ലാതെ തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസിലാക്കുക. അപ്പോഴേക്കും വൻ തുക തട്ടിപ്പുകാരുടെ കൈകളിൽ എത്തിയിട്ടുണ്ടാകും. സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവർ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് പറഞ്ഞു.

വേണം ജാഗ്രത

ലാഭം പ്രതീക്ഷിച്ച് സോഷ്യൽ മീഡിയയിൽ പണം ഒടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ആദ്യം പണം തിരികെ തന്ന് വിശ്വാസം നേടിയെടുത്ത് വൻ തുക വസൂലാക്കിയശേഷമായിരിക്കും പലപ്പോഴും തട്ടിപ്പാണെന്ന് മനസിലാകുക. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തുക പ്രയാസകരമാണെന്നും ഇവർ പറയുന്നു.

Advertisement
Advertisement