സ്വർണക്കടത്ത്: നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘങ്ങൾ പിടിയിൽ

Monday 10 June 2024 4:25 AM IST

വൈത്തിരി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയുധങ്ങളുമായി നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തെ വൈത്തിരി പൊലീസ് പിടികൂടി. പൊഴുതന സ്വദേശികളായ അമ്പലകളപുരയ്ക്കൽ റാഷിദ് (31), പാറക്കുന്ന്, നിലാപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷമീർ (34), കരിയാട്ട്പുഴിൽ ഇബ്രാഹിം (38), തനിയാട്ടിൽ വീട്ടിൽ നിഷാം (32), പട്ടർമഠം വീട്ടിൽ മുബഷിർ (31), ഒളിയമട്ടത്തിൽ വീട്ടിൽ സൈജു (41) എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘർഷത്തിന് കാരണം. ഇത് ചോദിക്കാൻ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും പൊഴുതനയിൽ വച്ച് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ അരീക്കോട് മൂർക്കനാട് നടുത്തൊടിക എൻ.ടി. ഹാരിസ് (29)ന്റെ പരാതിയെ തുടർന്ന് റാഷിദിനെയും കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത്. റാഷീദിന്റെ പരാതിയിൽ മലപ്പുറത്ത് നിന്നെത്തിയ ശിഹാബിനെയും സംഘത്തെയും പിടികൂടാനുള്ള നടപടി തുടങ്ങി.

വെള്ളിയാഴ്ച രാവിലെ പൊഴുതന പെരുംങ്കോടയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. റാഷിദ് സഞ്ചരിച്ച ക്രറ്റ കാറിനെ ഏട്ടംഗ സംഘം ഇന്നോവ സ്വിഫ്റ്റ് എന്നീ കാറുകളിലായി പിന്തുടർന്ന് തടഞ്ഞു നിർത്തി ആയുധങ്ങളുമായി ആക്രമം നടത്തുകയായിരുന്നു. അതേ സമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. ഒടുവിൽ, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിൻവലിഞ്ഞ് ഓടിപ്പോവുകയായിരുന്നു. സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന എൻ.ടി ഹാരിസിനെ റാഷിദും സംഘവും ഡ്രൈവർ സീറ്റിൽ നിന്നും വലിച്ചിറക്കി കാർ തല്ലി തകർത്തു. തുടർന്ന് ഇയാളെ കാറിൽ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു. പരിക്കേറ്റ ഹാരിസിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരു കൂട്ടർക്കുമെതിരെ വധശ്രമത്തിനാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Advertisement
Advertisement