ബിഷപ്പിന്റെ വേഷം കെട്ടി മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് 85 ലക്ഷം തട്ടിയയാൾ പിടിയിൽ

Monday 10 June 2024 4:25 AM IST

തൃശൂർ: ബിഷപ്പിന്റെ വേഷം ധരിച്ച് വെല്ലൂർ മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്ന് 85 ലക്ഷം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ചെന്നൈ അണ്ണാനഗർ സ്വദേശി പോൾ ഗ്ലാഡ്‌സണാണ് (53) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തൃശൂർ പടിഞ്ഞാറെക്കോട്ട സ്വദേശിയായ ഡോക്ടർ മകൾക്ക് സീറ്റ് ലഭിക്കാനായി ഇയാളെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായത്.

കോളേജ് തന്റെ ചുമതലയിലാണെന്നും ഒരു സീറ്റ് തന്റെ ക്വോട്ടയിലുണ്ടെന്നും ഇയാൾ വിശ്വസിപ്പിക്കും. 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പ്രതിഫലമായി ഈടാക്കും. ബിഷപ്പിന്റെ ളോഹയണിഞ്ഞാണ് ഇരകൾക്ക് മുന്നിലെത്തുക. ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുക. പണം നഷ്ടപ്പെട്ടിട്ടും സീറ്റ് ലഭിക്കാതിരിക്കുമ്പോഴാണ് ഇരകൾ അന്വേഷണം തുടങ്ങുക.

അപ്പോഴേക്കും പോൾ ചെന്നൈയിലെ ഒളിസങ്കേതത്തിലേക്ക് മുങ്ങും. പല ജില്ലകളിലും പലരിൽ നിന്നായി പോൾ 10 കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ 20 കോടിയുടെ ക്രമക്കേട് കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുണ്ടെന്നാണ് വിവരം. വെല്ലൂർ മെഡിക്കൽ കോളേജിന്റെ ചുമതലയുള്ള ആംഗ്ലിക്കൻ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയാണ് പോളിന്റെ തട്ടിപ്പ്.

കൊരട്ടി, അടൂർ, അങ്കമാലി, പന്തളം, പാലാ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പോളിനെതിരെ കേസുണ്ട്. ഇയാൾ ഫോൺ നമ്പറും താമസസ്ഥലവും ഇടയ്ക്കിടെ മാറ്റും. പിടികൂടാനുള്ള ശ്രമങ്ങൾ ഫലിച്ചില്ല. പ്രതിയെ റിമാൻഡ് ചെയ്തു. വെസ്റ്റ് എസ്.എച്ച്.ഒ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ എസ്.ഐ സുജിത്ത്, സീനിയർ സി.പി.ഒ ടോണി വർഗീസ്, സി.പി.ഒ റൂബിൻ ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement