സ്മാർട്ട് സിറ്റി; വഴിമുട്ടി കുന്നുംപുറം നിവാസികൾ

Monday 10 June 2024 1:51 AM IST

തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം കാരണം ദുരിതത്തിലായി കുന്നുംപുറം നിവാസികൾ. ഡിസംബർ 5ന് ആരംഭിച്ച ഉപ്പിടാംമൂട്- ഓവർബ്രിഡ്ജ് റോഡ് പണി ഇതുവരെ പൂർത്തിയായിട്ടില്ല. ആറുമാസമായി ഇവിടെ പൂർണമായി കുഴിച്ചിട്ടിരിക്കുകയാണ്. റോഡുകളിൽ പണി സാധനങ്ങളും സ്ലാബുകളും കൂട്ടിയിട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഷ്കരമാണ്. ഓവർബ്രിഡ്ജിൽ നിന്ന് ചെട്ടികുളങ്ങര വരെ നിലവിൽ മെറ്റൽ ഇട്ടെങ്കിലും ബാക്കി ഭാഗം കുഴിച്ചിട്ടിരിക്കുകയാണ്.

നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കൂടുതലും വൃദ്ധരാണ്. ഇഴഞ്ഞുനീങ്ങുന്ന സ്മാർട്ട് സിറ്റി നിർമ്മാണം കാരണം കാൻസർ രോഗികളടക്കം ബുദ്ധിമുട്ടുകയാണ്. പല വീടുകളിലും മാസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. പലരും ഇവിടെ നിന്ന് താമസം മാറി. വീടുകളിൽ നിന്ന് വാഹനങ്ങൾ പുറത്തിറക്കാൻ പറ്റാതെ പലരും ബന്ധുക്കളുടെ വീട്ടിലും റോഡരികിലുമാണ് പാർക്ക് ചെയ്തിരിക്കുന്നത്.

ഇവിടെ അപകടങ്ങൾ പതിവാണെന്ന് കുന്നുംപുറം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ആംബുലൻസിനുപോലും ഇവിടേക്ക് എത്താൻ പറ്റില്ല. രോഗികളെ എടുത്ത് ചെറിയ റോഡുകളിലൂടെ ചുറ്റി വേണം ആശുപത്രിയിലെത്തിക്കാൻ.

റോഡ് പണി ആരംഭിച്ചതിനു ശേഷം പത്രവും പാൽ വിതരണവും പ്രതിസന്ധിയിലായി. ചെട്ടികുളങ്ങര സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾക്ക് തൊഴിലില്ലാതായി. കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയാലെ സമയത്തിന് സ്കൂളിലും ഓഫീസുകളിലും എത്താൻ സാധിക്കുകയുള്ളൂ.

അപകടം കൺമുന്നിൽ

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് റോഡുപണി നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. വീട്ടിലേക്കും മറ്റ് ചെറിയ റോഡിലേക്കും പ്രവേശിക്കണമെങ്കിൽ താത്കാലികമായി വച്ചിരിക്കുന്ന കല്ലിലും ​തകര ഷീറ്റിലൂടെയും ചവിട്ടി വേണം പോകാൻ. പലയിടങ്ങളിലും സ്ളാബുകൾ ഇളകി കിടക്കുകയാണ്. ശ്രദ്ധയോടെ നടന്നില്ലെങ്കിൽ ഏതുനിമിഷവും അപകടമുണ്ടാകാം.

എന്ന് തീരും ഈ ദുരിതം?

ആറുമാസമായി ഈ ദുരിതം തുടരുകയാണ്. പണി എന്ന് പൂർത്തിയാകുമെന്ന് അധികൃതർക്കും അറിയില്ല. ജെ.സി.ബിയും ടോറസും തട്ടി മതിലുകൾ, പൈപ്പുകൾ, സി.സി ടിവി ക്യാമറ, ബൈക്ക് എന്നിവയ്ക്ക് കേടുപാടുണ്ടായി. രണ്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട റോഡാണ് ആറുമാസമായി ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത്. ഓടകളും ഡ്രെയിനേജുകളും പലയിടത്തും പൊട്ടിക്കിടക്കുകയാണ്. ഇവിടെയെല്ലാം കൊതുക് ശല്യവും ദുർഗന്ധവുമുണ്ട്. ഇതുവഴി നഗരസഭ വാഹനങ്ങൾ കടന്നു വരാത്തതിനാൽ മാസങ്ങളായി ചാക്കുകളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇവിടത്തെ സ്ട്രീറ്റ് ലൈറ്റുകൾ രാത്രി വൈകിയാണ് ഓൺ ആക്കുന്നതെന്ന ആരോപണവുമുണ്ട്.

Advertisement
Advertisement