ഒഡീഷയിലെ കനത്ത പരാജയം, 'ക്ഷമ ചോദിക്കുന്നു', സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് വി.കെ പാണ്ഡ്യൻ

Monday 10 June 2024 1:54 AM IST

ഭുവനേശ്വർ: സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ബിജു ജനതാദൾ (ബി.ജെ.ഡി) നേതാവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ വി.കെ. പാണ്ഡ്യൻ.

ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞു.
ഒഡീഷ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.ഡി.ക്കുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ബി.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്റിയുമായ നവീൻ പട്നായിക്കിന്റെ അടുത്ത അനുയായിയാണ് പാണ്ഡ്യൻ. സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ പാണ്ഡ്യനെ പിൻഗാമിയാക്കാനായിരുന്നു പട്നായിക്കിന്റെ തീരുമാനം. ഇതാണ് പാർട്ടിയുടെ പരാജയത്തിന് കാരണമെന്ന് വിമർശനമുയർന്നു. തൊട്ടുപിന്നാലെയാണ് രാഷ്ട്രീയം വിടുന്നതായുള്ള പ്രഖ്യാപനം.

'എന്റെ ഗുരുവാണ് നവീന്‍ പട്‌നായിക്. രാഷ്ട്രീയത്തിൽ ചേരുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
പട്നായിക്കിനെ സഹായിക്കാനും ഒഡീഷയിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയുമാണ് പ്രവർത്തിച്ചത്.

എന്നാൽ ചിലർ തെറ്റായ ആരോപണങ്ങൾ അഴിച്ചുവിട്ടു. രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാൻ സാധിച്ചില്ല. ഒരു പ്രത്യേക പദവി ആഗ്രഹിച്ചിട്ടില്ല. ഇപ്പോൾ സജീവരാഷ്ട്രീയത്തിൽനിന്ന് പിന്മാറാനാണ് തീരുമാനം. ഈ യാത്രയ്ക്കിടെ ആരെയെങ്കിലും വേദനപ്പിച്ചെങ്കിൽ ക്ഷമിക്കണം. പാർട്ടിക്ക് നഷ്ടമുണ്ടായെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു. തന്നോടൊപ്പം സഹകരിച്ച അംഗങ്ങൾക്ക് നന്ദി'. - ഇന്നലെ പാണ്ഡ്യൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

എല്ലായ്‌പ്പോഴും ഹൃദയത്തിനുള്ളിൽ ഒഡീഷയും ശ്വാസമായി ഗുരു നവീൻ ബാബുവും ഉണ്ടായിരിക്കും. അവരുടെ ക്ഷേമത്തിനായി ജഗദീശ്വരനോട് പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവർഷമാണ് സിവിൽ സർവീസിൽനിന്ന് രാജിവച്ച് അദ്ദേഹം ബി.ജെ.ഡി.യിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ചുക്കാൻ പിടിച്ചതും പാണ്ഡ്യനായിരുന്നു.

2000 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ, വിരമിച്ച ശേഷം ബി.ജെ.ഡിയിൽ ചേർന്നു. നവീൻ പട്നായിക്കിന്റെ വലംകൈയായി അറിയപ്പെട്ടു. രാജിവച്ച പിന്നാലെ പട്നായിക്ക് സർക്കാരിൽ ക്യാബിനറ്റ് പദവിയോടെ ചുമതലയും ലഭിച്ചു.

Advertisement
Advertisement