മോദി 3.0: പയ്യനും പണക്കാരനും ടി.ഡി.പിക്കാർ

Monday 10 June 2024 1:58 AM IST

വിജയവാഡ:മൂന്നാം മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും അതി സമ്പന്നനായ മന്ത്രിയും ടി.ഡി.പിയിൽ നിന്നാണ്.

ശ്രീകാകുളത്ത് ജയിച്ച കിഞ്ജരാപ്പു റാം മോഹൻ നായിഡുവാണ് ( 36) പ്രായം കുറഞ്ഞ മന്ത്രി. ഗുണ്ടൂർ എം. പി പെമ്മസാനി ചന്ദ്രശേഖരനാണ് അതിസമ്പന്നനായ മന്ത്രി

റാം മോഹൻ നായിഡുവിന്റെ പിതാവ് കെ. യെരൻ നായിഡു1996ൽ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു. പിതാവിന്റെ അപകടമരണത്തെ തുടർന്നാണ് റാം മോഹൻ രാഷ്ട്രീയത്തിലെത്തുന്നത്.

2014ൽ 26 വയസിൽ ശ്രീകാകുളം എം.പിയായി. പതിനാറാം ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ എം.പിയായിരുന്നു.

ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവുമായുള്ള അടുപ്പമാണ് നായിഡുവിന്റെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയത്. ടി.ഡി.പി ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദവും ലോംഗ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ റാം മോഹൻ പാർലമെന്റിൽ ആരോഗ്യ, ലൈംഗിക വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ച ആദ്യ എം.പിമാരിൽ ഒരാളാണ്. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അംഗമായിരുന്നു. എംപിയെന്ന നിലയിൽ മാതൃകാപരമായ പ്രകടനത്തിന് 2020ൽ സൻസദ് രത്ന അവാർഡ് ലഭിച്ചു.

കോടീശ്വരനായ ഡോക്ടർ

അമേരിക്കയിൽ ഡോക്ടറാണ് പെമ്മാസാനി ചന്ദ്രശേഖർ ( 48). സ്വന്തം സംരംഭമായ എഡ്യുക്കേഷൻ ആപ്പ് യു വേൾഡ് ക്ലിക്കായതോടെയാണ് അതിസമ്പന്നനായത്. 5,598.65 കോടിയാണ് ആസ്തി. ഭാര്യ കോനേരു ശ്രീരത്നയ്ക്കും ബിസിനസുണ്ട്. ലോകമെമ്പാടുമുള്ള 101 കമ്പനികളിൽ ദമ്പതികൾക്ക് ഓഹരികളുണ്ട്.

1999ൽ എം.ബി.ബി.എസ് നേടി. 2005ൽ യു.എസിലെ ഗെയ്സിംഗർ മെഡിക്കൽ സെന്ററിൽ നിന്ന് എം.ഡി നേടി.

Advertisement
Advertisement