പൊതുരംഗത്ത് തുടരും: രാജീവ് ചന്ദ്രശേഖർ, ആദ്യ ട്വീറ്റ് പിൻവലിച്ചു

Monday 10 June 2024 2:02 AM IST

ന്യൂഡൽഹി : 18 വർഷത്തെ പൊതുജീവിതം അവസാനിപ്പിക്കുന്നു എന്ന ട്വീറ്റ് മുൻ കേന്ദ്രമന്ത്രിയും, തിരുവനന്തപുരത്ത് പരാജയപ്പെട്ട എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പിൻവലിച്ചു.

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു എക്‌സിലെ ട്വീറ്റ്. രണ്ടാം മോദി സർക്കാരിൽ മൂന്ന് വർഷം മന്ത്രിയായി. തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പൊതുജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ അതങ്ങനെ സംഭവിക്കുകയായിരുന്നുവെന്ന് ചിരി ഇമോജി ഇട്ടുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഊർജ്ജം പകർന്ന, പിന്തുണ നൽകിയ നേതാക്കൾക്കും പ്രവർത്തകർക്കും കാബിനറ്റിലെ സഹഅംഗങ്ങൾക്കും നന്ദി പറഞ്ഞു. ബി.ജെ.പി പ്രവർത്തകനെന്ന നിലയിൽ പാർട്ടിക്ക് പിന്തുണ നൽകുകയും പാർട്ടി പ്രവർത്തനം തുടരുകയും ചെയ്യും.

എന്നാൽ, ട്വീറ്റ് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് തന്റെ സംഘത്തിലെ ജൂനിയർ ഇന്റേൺ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പിന്നീടത് പിൻവലിച്ചു. ബി.ജെ.പി പ്രവർത്തകനെന്ന നിലയിൽ തിരുവനന്തപുരത്തെയും പാർട്ടിയെയും മുന്നോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളും പ്രതിബദ്ധതയും മുൻപത്തെ പോലെ തുടരും. എം.പിയായുള്ള 18 വർഷത്തെ കാലയളവും, കേന്ദ്രമന്ത്രിയായുള്ള മൂന്നുവർഷവും അവസാനിക്കുന്നുവെന്നാണ് ഉദ്ദ്യേശിച്ചതെന്നും വ്യക്തമാക്കി.

പൊതു‌ജീവിതത്തിലൂടെ രാജ്യത്തിന് കൂടുതൽ സംഭാവന നൽകാൻ രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്ന് തിരുവനന്തപുരത്തെ എതിർ സ്ഥാനാർത്ഥിയും വിജയിയുമായ ശശി തരൂർ പ്രതികരിച്ചു.

Advertisement
Advertisement