തമിഴ്‌നാട്ടിലെ റിയൽ എസ്‌റ്റേറ്റ് കച്ചവടം നഷ്‌ടത്തിലായി, നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്ന്

Monday 10 June 2024 7:14 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര കൂട്ടപ്പനയിൽ കുടുംബത്തിലെ മൂന്നുപേരെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം പുറത്ത്. അറപ്പുരവിള വീട്ടിൽ മണിലാൽ (50), ഭാര്യ മഞ്ജു (48), മകൻ അഭിലാൽ (18) എന്നിവരെയാണ് ഇന്നലെ രാത്രി 11മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനമുണ്ടായത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തി കഴിച്ചാണ് ഇവർ മരിച്ചത്.

കടംവാങ്ങിയ പണം തിരികെ നൽകാനാകാതെ വന്നതാണ് മണിലാലിനെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായി തകർന്നതിനാൽ ആത്മഹത്യ ചെ‌യ്യുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തമിഴ്‌നാട്ടിൽ മണിലാൽ റിയൽ എസ്‌റ്റേറ്റ് കച്ചവടം നടത്തിയിരുന്നു. എന്നാൽ ഈ ബിസിനസിൽ പണം നഷ്‌ടമായി. പലരിൽ നിന്നും ഒൻപത് ലക്ഷത്തോളം രൂപ കടംവാങ്ങിയിരുന്നു. പലിശ നൽകാനായി എടുത്ത വായ്‌പയും തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനാലാണ് ആത്മഹത്യയെന്നാണ് സൂചന. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന നഗരം കൊല്ലം ആണെന്ന വാർത്ത മുൻപ് പുറത്തുവന്നിരുന്നു. ഈ കണക്ക് പ്രകാരം കൂട്ട ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്നാട് ഒന്നാമത് നിൽക്കുമ്പോൾ കേരളം നാലാമതാണ്. സംസ്ഥാനത്ത് ഓരോ വർഷവും ആത്മഹത്യാ നിരക്കിൽ കാര്യമായ വർദ്ധനയുണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Advertisement
Advertisement