ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി പട്ടിക പുറത്ത്

Monday 10 June 2024 7:17 AM IST

ടെഹ്‌റാൻ: ജൂൺ 28ന് നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് ഇറാൻ ആഭ്യന്തര മന്ത്രാലയം. മത്സരിക്കാൻ രജിസ്റ്റർ ചെയ്തവരിൽ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്തത് രാജ്യത്തെ പുരോഹിതർ അടങ്ങുന്ന ഗാർഡിയൻ കൗൺസിലാണ്. ആറ് പേരാണ് പട്ടികയിൽ ഇടംനേടിയത്.

സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതിനിധിയും നയതന്ത്രജ്ഞനുമായ സയീദ് ജലീലി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘലിബാഫ്, പാർലമെന്റ് അംഗം മസൂദ് പെസഷ്‌കിയാൻ, മുൻ ആഭ്യന്തര മന്ത്രി മുസ്തഫ പൗർമുഹമ്മദി, വൈസ് പ്രസിഡന്റ് അമീർ - ഹുസൈൻ ഘാസിസാദേഹ് ഹാഷമി, ടെഹ്‌റാൻ മേയർ അലിറേസ സകാനി എന്നിവരാണ് മത്സരിക്കുന്നത്.

അയോഗ്യരെന്ന് കണ്ട് നൂറിലേറെ അപേക്ഷകൾ തള്ളി. മത്സരിക്കാൻ മുൻ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മ്മദി നെജാദ് സമർപ്പിച്ച അപേക്ഷയും തള്ളി. ഇറാൻ റെവലൂഷനറി ഗാർഡിലെ മുൻ അംഗമായിരുന്ന അഹ്‌മ്മദി നെജാദ് 2005ലാണ് ആദ്യം പ്രസിഡന്റായത്. കാലാവധി പൂർത്തിയായതോടെ 2013ൽ പദവി ഒഴിഞ്ഞു. 2017ലും 2021ലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഹ്‌മ്മദി നെജാദ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഗാർഡിയൻ കൗൺസിൽ വിലക്കേർപ്പെടുത്തിയിരുന്നു.

അഹ്‌മ്മദി നെജാദ് മത്സരിക്കുന്നത് രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. ഖമനേയിയുടെ പരമാധികാരം പരിശോധിക്കണമെന്ന് അഹ്‌മ്മദി നെജാദ് വാദിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. പുതിയ പ്രസിഡന്റ് തന്റെ വിശ്വസ്തൻ ആയിരിക്കാൻ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഖമനേയി ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് കരുതുന്നത്.

മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കഴിഞ്ഞ മാസം ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാനിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. കനത്ത മൂടൽ മഞ്ഞിൽ പെട്ട് റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവത പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു. പിന്നാലെ ഇടക്കാല പ്രസിഡന്റായി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബറിനെ നിയമിച്ചിരുന്നു.

Advertisement
Advertisement