റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് മേധാവി ക്രിസ്‌റ്റോഫ് ഡിലോയർ അന്തരിച്ചു

Monday 10 June 2024 7:18 AM IST

പാരീസ്: മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ ഡയറക്ടർ ജനറൽ ക്രിസ്‌റ്റോഫ് ഡിലോയർ (53) അന്തരിച്ചു. ക്യാൻസർ ബാധയെ തുടർന്ന് ശനിയാഴ്ച പാരീസിലായിരുന്നു അന്ത്യം.

12 വർഷം അദ്ദേഹം സംഘടനയുടെ തലപ്പത്ത് സേവനമനുഷ്ഠിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്യായമായി തടവിലാക്കപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ മോചനത്തിനായി പ്രവർത്തിച്ചു. ഭീഷണി നേരിടുന്ന മാദ്ധ്യമ പ്രവർത്തകർക്കായി അദ്ദേഹം തന്റെ ശബ്ദമുയർത്തി.

സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായി യുക്രെയിൻ, തുർക്കി, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലേക്ക് അദ്ദേഹം സഞ്ചരിക്കുകയും മാദ്ധ്യമങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തനത്തിലൂടെ ശ്രദ്ധനേടിയ ക്രിസ്‌റ്റോഫ് പാരീസിലെ മാദ്ധ്യമ പഠന കേന്ദ്രമായ സി.എഫ്.ജെയുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. പെറീൻ ആണ് ഭാര്യ. മകൻ നഥാൻ.

Advertisement
Advertisement