സഞ്ജു ടെക്കിയെ കുരുക്കാൻ പഴുതടച്ചുളള അന്വേഷണം; ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യാനും നീക്കം

Monday 10 June 2024 9:52 AM IST

ആലപ്പുഴ: കാറിനുളളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ചുളള യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി. സഞ്ജുവിന്റെ യൂട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മൊബൈലിൽ ഷൂട്ട് ചെയ്തുളള ‌ഡ്രൈവിംഗ്,160 കിലോമീറ്ററിലുളള ‌ഡ്രൈവിംഗ്, തുടങ്ങിയവയാണ് വിശദ പരിശോധനയിൽ ആർടിഒയുടെ ശ്രദ്ധയിൽപ്പെട്ടത്.

സഞ്ജുവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ആർടിഒയ്ക്ക് മുൻപാകെ ഹാജരാകാനും സഞ്ജുവിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനും യൂട്യൂബർക്കെതിരെ കേസുണ്ട്. തുടർച്ചയായ നിമയലംഘനങ്ങൾ കണക്കിലെടുത്ത് സഞ്ജുവിന്റെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യാനും ആലോചനയുണ്ട്.

വാഹനങ്ങളിൽ രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ വെളളിയാഴ്ച ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്താൽ അറിയിക്കണം. ആവശ്യമെങ്കിൽ നോട്ടീസ് നൽകി നടപടിയെടുക്കും. വ്ളോഗർമാർ അപ്‌ലോഡ് ചെയ്ത ചട്ടവിരുദ്ധ വീഡിയോകൾ നീക്കുന്നതിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനും നിർദ്ദേശം നൽകിയിട്ടുണ്ട്.


സഞ്ജു ടെക്കിക്കും കൂട്ടാളികൾക്കുമെതിരെ സ്വമേധയാ എടുത്ത കേസിലേതാണ് പുതിയ നിർദ്ദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 13ന് വീണ്ടും കേസ് പരിഗണിക്കും. ക്യാബിനിൽ കയറി ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്ന വ്ളോഗർമാർക്കെതിരെ റോഡ് സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Advertisement
Advertisement