പൊലീസുകാരന്റെ ആറ് വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി, കൊന്ന് കരിമ്പിൻ തോട്ടത്തിലിട്ടു

Monday 10 June 2024 11:20 AM IST

മീററ്റ്: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മകനെ അക്രമികൾ കൊലപ്പെടുത്തി. ഉത്തർപ്രദേശ് മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം. യുപി സഹരൻപൂർ പൊലീസ് കോൺസ്റ്റബിളായ ഗോപാൽ യാദവിന്റെ ആറ് വയസുള്ള മകൻ പുനീതിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഗോപാലിന്റെ മകനെ കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പുനീതിനെ കണ്ടെത്താൻ തെരച്ചിൽ നടക്കുന്നതിനിടെ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിനെ തേടിയെത്തി. ഇക്കാര്യം ഉടൻതന്നെ അദ്ദേഹം സ്റ്റേഷനിൽ അറിയിച്ചു.

പൊലീസുകാർ കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെ വൈകിട്ട് ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ നിന്ന് പുനീതിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ മനഃപൂർവം കൊലപ്പെടുത്തിയതാണെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം നാടകമാണെന്നുമാണ് പുനീതിന്റെ കുടുംബം ആരോപിക്കുന്നത്.

ഗോപാൽ യാദവിന്റെ കുടുംബം ഗ്രാമത്തിലെ മറ്റൊരു കുടുംബവുമായി ഭൂമി തർക്കത്തിലേർപ്പെട്ടിരുന്നു. ഇവരാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ട് സ്‌ത്രീകളടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌ത് വരികയാണെന്നും കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം ഉടനെ വ്യക്തമാക്കുമെന്നും മീററ്റ് സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്‌വാൻ പറഞ്ഞു. ഗോപാലിന് ലഭിച്ച ഫോൺ സന്ദേശത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്നും എസ്‌പി അറിയിച്ചു.

Advertisement
Advertisement