വിശപ്പ് മാറ്റുന്ന സ്നേഹപ്പൊതി

Tuesday 11 June 2024 12:59 AM IST

മുണ്ടക്കയം : എരിയുന്ന വയറുമായി ഇനി മുണ്ടക്കയത്ത് ആരും ഇരിക്കേണ്ട. ബൈപ്പാസ് റോഡരികിൽ നിങ്ങളെ കാത്ത് ഒരു ഭക്ഷണക്കൂടുണ്ട്. അതിൽ നിറയെ സ്നേഹത്തിന്റെ ചോറുപൊതികളും. ഇതിനെല്ലാം കടപ്പാട് ഒരുകൂട്ടം അമ്മമാരോടാണ്. വീട്ടിലെ ഇത്തിരി ഭക്ഷണം വാട്ടിയെടുത്ത ഇലത്തുമ്പിൽ ലഭിക്കുമ്പോൾ വിശന്നിരിക്കുന്നവന്റെ കണ്ണുകളിലും ആഴമുള്ള ഒരു കടലാണ്. കുടുംബശ്രീയിലടക്കം പ്രവർത്തിച്ച് പരിചയമുള്ള റബീന സിയാദിന്റെ മനസിലാണ് ആശയം വിരിഞ്ഞത്. നാട്ടിലെ മറ്റ് വീട്ടമ്മമാരും പിന്തുണയേകിയതോടെയാണ് 'വിശപ്പിന് ഒരു കൈത്താങ്ങ്' പദ്ധതി യാഥാർത്ഥ്യമായത്. നന്മ കൂട്ടായ്മയെന്നാണ് ഇവർ അറിയപ്പെടുന്നത്. മുണ്ടക്കയം ചാച്ചിക്കവലയിൽ കുടിവെള്ളം വിതരണം ചെയ്ത് കൊണ്ടായിരുന്നു തുടക്കം. പിന്നീട് ലഘുഭക്ഷണത്തിലേക്കും പൊതിച്ചോർ വിതരണത്തിലേക്കും കടക്കുകയായിരുന്നു. സമീപ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. വീട്ടിലേക്കുണ്ടാക്കുന്ന ഉച്ചയൂണിലെ വിഭവങ്ങൾ തന്നെയാണ് പൊതിച്ചോറിലുമാക്കുന്നത്.

കാരുണ്യം വിളമ്പി

ഭക്ഷണക്കൂട്ടിൽ വയ്ക്കുന്ന പൊതിച്ചോറുകൾ വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് സൗജന്യമായി എടുത്ത് ഭക്ഷിക്കാം. ഇതിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ നിന്ന് സംഭാവനയായി ലഭിക്കുന്ന പണം നിർദ്ധന രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ നിർവഹിച്ചു. റബീന സിയാദ് അദ്ധ്യക്ഷത വഹിച്ചു. മൂസ പി.എസ്. ഹുസൈൻ, മുജീബ് ഷാ,സുമി, നാദിർഷ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.

കൂട്ടായ്മയിൽ 12 വീട്ടമ്മാർ

''വേനൽച്ചൂട് കടുത്ത് നിൽക്കുന്ന ഘട്ടത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതാണ് പ്രചോദനമായത്. നാട്ടുകാരും മികച്ച പിന്തുണയാണ് നൽകുന്നത്.

-റബീന സിയാദ്

Advertisement
Advertisement