നിമിഷ പറഞ്ഞത് കൈയടി കിട്ടാൻ വേണ്ടിയാകും, നേരിടാനുള്ള മനശക്തി ഉണ്ടാകില്ല

Monday 10 June 2024 5:08 PM IST

നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണത്തില്‍ പ്രതികരണവുമായി നടനും സംവിധായകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ മേജർ രവി. ഫേസ്ബുക്ക് ലൈവിൽ വിവിധ വിഷയങ്ങൾ പറഞ്ഞു പോകുന്നതിനിടയിലാണ് നിമിഷയ്ക്കെതിരായ സൈബർ ആക്രമണത്തെ പറ്റി മേജർ രവി സംസാരിച്ചത്.

‘റിസൽട്ട് വന്നതിന് പിറ്റേ ദിവസം തൊട്ട് കാണുന്ന വലിയ സംഭവമെന്ന് പറഞ്ഞാൽ, ഒരു ആർട്ടിസ്റ്റ്.. നിമിഷയുടെ പേരിലുള്ള പോസ്റ്റിനെ ഇട്ട് തലങ്ങും വിലങ്ങും ഇട്ടിടിച്ച്... ആ കുട്ടിയെ മാനസികമായി വേദനിപ്പിക്കുന്ന കമൻറുകൾ കണ്ടിരുന്നു. ആദ്യം ഒന്ന് മനസിലാക്കുക.. ആ കുട്ടി രാഷ്ട്രീയക്കാരിയല്ല, ആർട്ടിസ്റ്റാണ്, രാഷ്ട്രീയക്കാരിയാണെങ്കിൽ നല്ല തൊലിക്കട്ടിയിൽ ഏത് തെറികേട്ടാലും പ്രശ്നമുണ്ടാകില്ലായിരുന്നു. ഈ കുട്ടിക്ക് ഇത് നേരിടാനുള്ള മാനസിക ശക്തിയുണ്ടോ എന്നറിയില്ല. നിലപാട് പറഞ്ഞ് ഏതോ വേദിയിൽ, സുരേഷ് ഗോപി എന്നോ പറഞ്ഞ ഒരു കാര്യം നിമിഷ പറഞ്ഞത് കയ്യടി കിട്ടാൻ വേണ്ടിയായിരിക്കാം. അതിൽ വ്യക്തിവൈരാഗ്യം ഉണ്ടെന്നു കരുതുന്നില്ല.

ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വിടുകയാണ് വേണ്ടത്. അല്ലാതെ ഒരു പെൺകുട്ടിയുടെ പിന്നാലെ പോയി അവളെ അറ്റാക്ക് ചെയ്യരുത്. നിങ്ങൾക്കൊന്നും വേറെ പണി ഒന്നുമില്ലെയെന്നും ഇതൊക്കെ നിർത്തിക്കൂടെയെന്നും ലൈവിൽ മേജർ രവി ചോദിക്കുന്നു.

'സുരേഷ് എന്റെ സുഹൃത്താണ്, ആ കുടുംബവും എനിക്ക് അടുപ്പമുള്ളതാണ്, ആ കുട്ടി അല്ലാതെ വേറെ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സുരേഷിന് ഇഷ്ടപ്പെടും എന്നുകരുതി ആണ് പറയുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. സുരേഷ് വളരെയധികം സാത്വികനായ മനുഷ്യനാണ്, ഇനിയെങ്കിലും ഈ സൈബർ ആക്രമണം നിർത്തണം'– മേജർ രവി പറഞ്ഞു.

Posted by Major Ravi on Saturday 8 June 2024