വന്ദേഭാരത് ട്രെയിനുകളുടെ വേഗത കുത്തനെ കുറയുന്നു, സ്പീഡ്സ്റ്റാറിന് സംഭവിച്ചതെന്ത്?

Monday 10 June 2024 6:40 PM IST

ന്യൂഡല്‍ഹി: വേഗതയും അത്യാധുനിക സൗകര്യങ്ങളും കൊണ്ട് വിസ്മയിപ്പിച്ച വന്ദേഭാരത് ട്രെയിനുകളുടെ വേഗത കുറയുന്നതായി സമ്മതിച്ച് റെയില്‍വേ. യാത്രാസമയം കുറയുന്നുവെന്നതാണ് കേരളത്തില്‍ ഉള്‍പ്പെടെ വന്ദേഭാരത് ട്രെയിനുകളുടെ സ്വീകാര്യതയ്ക്ക് കാരണം. ഇതുകൊണ്ട് തന്നെയാണ് ഇരുകയ്യും നീട്ടി യാത്രക്കാര്‍ ഇന്ത്യന്‍ റെയില്‍വേയിലെ ഈ യുവതലമുറക്കാരനെ വന്‍ ഹിറ്റാക്കി മാറ്റിയതും.

ട്രെയിനിന്റെ വേഗത കുറയുന്നുവെന്ന് വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ തുറന്ന് സമ്മതിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി മുതലാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. കേരളത്തില്‍ നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

202021 കാലഘട്ടത്തില്‍ ശരാശരി 84.48 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വന്ദേഭാരത് സഞ്ചരിച്ചിരുന്നത്. എന്നാല്‍ 2023-24 എത്തുമ്പോള്‍ 76.25 കിലോമീറ്ററിലേക്ക് വേഗത താഴ്ന്നു. വന്ദേഭാരത് മാത്രമല്ല മറ്റ് പല ട്രെയിനുകളുടെയും വേഗതയില്‍ കുറവു വന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.

വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ വേഗത കുറയാനുള്ള കാരണവും റെയില്‍വേ തന്നെ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വന്ദേഭാരത് ട്രെയ്‌നിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ട്രെയ്‌നിന്റെ ക്ഷമതയുടെയോ പ്രശ്‌നമല്ല വേഗത കുറഞ്ഞതിന് പിന്നില്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയില്‍വേ പാളങ്ങളില്‍ വലിയതോതിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതുമൂലം പലപ്പോഴും കൂടുതല്‍ വേഗത്തില്‍ പോകാന്‍ സാധിക്കില്ല. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ദുഷ്‌കരമായ റെയില്‍വേ ലൈനുകളുള്ള റൂട്ടുകളില്‍ ഓടാന്‍ തുടങ്ങിയതും ശരാശരി വേഗതയില്‍ കുറവുണ്ടാകാന്‍ കാരണമായതായി റെയില്‍വേ പറയുന്നു.

കൊങ്കണ്‍ മേഖലകളില്‍ കൂടി ഓടുന്ന ട്രെയിനുകള്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി വേഗത കുറച്ചാണ് സര്‍വീസ് നടത്തുന്നത്. കുന്നുകളും മലകളും കാരണമാണിത്. മണ്‍സൂണ്‍ കാലത്ത് ശരാശരി 75 കിലോമീറ്റര്‍ വേഗത്തിലേക്ക് ഈ റൂട്ടിലെ വന്ദേഭാരത് സര്‍വീസുകളുടെ വേഗപരിധി നിജപ്പെടുത്തുന്നതും വേഗത കുറയുന്നതിനുള്ള കാരണമായി റെയില്‍വേ വിശദീകരിക്കുന്നു.

Advertisement
Advertisement