രാജ്യസഭാ സീറ്റ് സി പി ഐയ്ക്കും കേരള കോൺഗ്രസ് എമ്മിനും ,​ ഘടക കക്ഷികൾക്ക് വിട്ടുകൊടുക്കാൻ സി പി എം തീരുമാനം

Monday 10 June 2024 7:07 PM IST

തിരുവനന്തപുരം; രാജ്യസഭയിലേക്ക് സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ ഇടതുമുന്നണിയുടെ രണ്ട് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാൻ സി.പി.എം തീരുമാനിച്ചു. സി.പി.ഐയ്ക്കും കേരള കോൺഗ്രസ് എമ്മിനുമാണ് സീറ്റുകൾ നൽകിയത്. ഐക്യകണ്ഠേനെയാണ് തീരുമാനമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു. പി.പി. സുനീറായിരിക്കും സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർത്ഥി. ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാ‌ർത്ഥിയാകുമെന്നാണ് സൂചന.

രാജ്യസഭാ സീറ്റിൽ ഈ മാസം 13നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. അതിനാൽ സീറ്റ് വിഭജനം വേഗത്തിൽ എൽ.ഡി.എഫിന് പൂർത്തിയാക്കേണ്ടതായി വന്നു. നല്ല ഐക്യത്തോടും കെട്ടുറപ്പോടെയും പ്രവർത്തിക്കുന്നതായതിനാൽ വലിയ പ്രശ്നം നേരിടേണ്ടി വന്നില്ലെന്ന ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റിൽ വിജയിക്കാൻ കഴിയുമെങ്കിലും മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിച്ചു കൊണ്ട് എൽ.ഡി.എഫിലെ എല്ലാ പാർട്ടികളുമായി ചർച്ച ചെയ്ത് ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുകൊടുക്കാൻ തീരുമാനിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കി.

അതേസമയം മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാനാണ് യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തതെന്ന് മുസ്ലീം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് തന്നെ ഹാരിസ് ബീരാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.സുപ്രീംകോടതി അഭിഭാഷകനും കെഎംസിസി ഡൽഹി ഘടകം അദ്ധ്യക്ഷനുമാണ് ഹാരിസ് ബീരാൻ.

Advertisement
Advertisement