ആലുവയിൽ വൻ കഞ്ചാവ് വേട്ട: രണ്ടിടത്തായി 13കിലോ കഞ്ചാവ് പിടിച്ചു

Tuesday 11 June 2024 2:28 AM IST

#മുട്ടത്തുനിന്ന് 11 കിലോ കഞ്ചാവുമായി രണ്ട് ഒറീസക്കാർ പിടിയിൽ

#ആലുവ റെയിൽവേ സ്റ്റേഷനിൽ രണ്ട്കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ


ആലുവ: ആലുവ മേഖലയിൽ രണ്ടിടത്ത് നിന്നായി 13കിലോ കഞ്ചാവ് പിടികൂടി. ദേശീയപതായിൽ മുട്ടത്ത് മെട്രോപില്ലർ 173ന് സമീപത്തുനിന്ന് 11കിലോ കഞ്ചാവുമായി രണ്ട് ഒറീസ സ്വദേശികൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. ആലുവ റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ചും റെയിൽവേ പ്രൊട്ടക്ഷൻഫോഴ്സും നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദും സംഘവും നടത്തിയ പരിശോധനയിൽ 11 കിലോ കഞ്ചാവുമായി ഒറീസക്കാരായ രാജാസാഹിബ് നായിക് (23), സൂരജ് ചിൻ ചാണി (29) എന്നിവരാണ് പിടിയിലായത്. ആലുവ, കളമശേരി ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതിനായി കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. രണ്ടേകാൽ കിലോ വീതം അഞ്ച് പാക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഒറീസയിൽനിന്ന് ഒരുപാക്കറ്റ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് 25,000 രൂപയ്ക്കാണ് വിറ്റിരുന്നത്.

പ്രിവന്റീവ് ഓഫീസർ സി.പി. ജിനീഷ്, പ്രീവന്റീവ് ഓഫീസർ ഗ്രേഡ് എം.എം. അരുൺകുമാർ, ബസന്ത്കുമാർ, പത്മ ഗിരീശൻ, സരിതാ റാണി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ആലുവ എക്സൈസ് റേഞ്ചും റെയിൽവേ പ്രൊട്ടക്ഷൻഫോഴ്സും സംയുക്തമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട കഞ്ചാവ് പൊതി കണ്ടെത്തിയത്. ആലപ്പുഴയിലേക്ക് ധൻബാദ് എക്‌പ്രസ് കടന്നുപോയതിന് പിന്നാലെയാണ് കഞ്ചാവ് കണ്ടത്. പരിശോധനയുണ്ടെന്ന് മനസിലാക്കി പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ചതാകാനാണ് സാദ്ധ്യത.

ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. സുരേഷ്, തിരുവനന്തപുരം ആർ.പി.എഫ് ക്രൈം ഇന്റലിജന്റ്സ് ബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ ഫിലിപ്സ് ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർ സി.എൻ. രാജേഷ്, ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരായ കെ.എ. സുരേന്ദ്രൻ, ജി. വിപിൻ, എസ്. സുരേഷ്‌കുമാർ, എം.എസ്. ജിത്ത്, സി.എസ്. വിഷ്ണു, എം.ആർ. അക്ഷിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കഴിഞ്ഞ 20നും ആലുവ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരുകിലോ കഞ്ചാവ് എക്സൈസും ആർ.പി.എഫും കണ്ടെത്തിയിരുന്നു. ഈ കേസിലും ഇതുവരെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Advertisement
Advertisement