വെള്ളികുളം - പുള്ളിക്കാനം യാത്ര ദുഷ്ക്കരം...... റോഡ് കുളം തോണ്ടൽ വാട്ടർഅതോറിട്ടി ഹോബി

Tuesday 11 June 2024 1:50 AM IST

തീക്കോയി : പേര് പൈപ്പിടീലെന്നാണ് പക്ഷെ, കാട്ടിക്കൂട്ടുന്നതോ ശുദ്ധതോന്ന്യാസവും. ഉന്നതനിലവാരത്തിൽ നിർമ്മിച്ച റോഡ് എങ്ങനെ തകർക്കാമെന്നതിലുള്ള ഗവേഷണത്തിലാണ് വാട്ടർഅതോറിട്ടി. തീക്കോയി പഞ്ചായത്തിലെ വെള്ളികുളം - പുള്ളിക്കാനം റോഡിലൂടെ ഒന്ന് യാത്ര ചെയ്താൽ ഇത് മനസിലാകും. കയറ്റമുള്ള റോഡിന്റെ ഓടയിലൂടെയാണ് പൈപ്പ് ഇട്ടിരിക്കുന്നത്. ജെ.സി.ബി കൊണ്ട് കുഴിയെടുത്ത് പൈപ്പിട്ട ശേഷം മണ്ണിട്ട് മൂടി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോയി പൈപ്പ് തെളിഞ്ഞ നിലയിലാണ്. ഇളകിയ മണ്ണ് റോഡിലൂടെ പരന്നൊഴുകുകയാണ്. ഒപ്പം നിറയെ ചരലും , ചെറുകല്ലുകളും മാത്രം. ഇരുചക്രവാഹനങ്ങൾ എങ്ങനെ അപകടത്തിൽപ്പെടാതിരിക്കും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവീസ് നടത്തുന്ന പാതയിൽ ഗതാഗതം തടസപ്പെടുന്ന അവസ്ഥയിലാണ്. ഇത് യാത്രാ ക്ലേശവും രൂക്ഷമാക്കും. മലയോരനിവാസികൾക്ക് ഏറെ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. കാൽനടയാത്ര പോലും ദുഷ്ക്കരമായതോടെ ജൽജീവൻ മിഷൻ പദ്ധതിക്കെതിരെയും, ഉദ്യോസ്ഥർക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പൈപ്പ് വലിക്കുന്നത് ഓടയിലൂടെ

ഓടയിൽ പൈപ്പിട്ടതോടെ പലയിടത്തും വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. പൈപ്പിടുന്നത് റോഡിന്റെ മറുവശത്തേക്ക് മാറ്റുകയോ ഓടയിൽ താഴ്ത്തി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ കോൺക്രീറ്റ് ചെയ്തില്ലെങ്കിൽ മണ്ണ് പൂർണമായും ഒലിച്ചുപോകും. കുടിവെള്ള പദ്ധതി വരുന്നതിനെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും വെള്ളമൊഴുകി റോഡ് തകർച്ചയ്ക്ക് ഇടയാക്കരുതെന്നാണ് ഇവരുടെ അഭ്യർ‌ത്ഥന.

''വെള്ളികുളം - പുള്ളിക്കാനം റോഡിൽ ജൽജീവൻ മിഷൻ പദ്ധതിയ്ക്ക് പൈപ്പിടുന്നത് ശാസ്ത്രീയമാക്കണം. റോഡ് തകരുന്ന സാഹചര്യം ഒഴിവാക്കണം.

പി. പോത്തൻ, പാലാ പൗരസമിതി പ്രസിഡന്റ്

Advertisement
Advertisement