അഞ്ചുവിളക്കിന്റെ നാട്ടിൽ സ്ത്രീ സുരക്ഷ വട്ടപ്പൂജ്യം

Tuesday 11 June 2024 12:51 AM IST

ചങ്ങനാശേരി : കളക്ടർ, എ.ഡി.എം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...ഭരണസിരാകേന്ദ്രങ്ങളിലെല്ലാം സ്ത്രീകൾ. സ്ത്രീ സുരക്ഷ പ്രധാന അജണ്ടയെന്ന് ജില്ലാ പൊലീസ് മേധാവി. പക്ഷേ, അഞ്ചുവിളക്കിന്റെ നാടെന്ന് പുകൾപെറ്റ ചങ്ങനാശേരിയിൽ പൊലീസിന്റെ കൈ അകലത്തിലാണ്

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളേറുന്നത്. സാമൂഹ്യവിരുദ്ധരുടെ താവളമായ ഒന്നാം നമ്പർ ബസ് സ്റ്റാൻഡിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് മുൻഭാര്യയെ ഇന്നലെ കുത്തിവീഴ്ത്തിയതാണ് ഒടുവിലത്തെ സംഭവം. മൂന്നാഴ്ച മുൻപ് നഗരമദ്ധ്യത്തിൽ മാതാപിതാക്കൾക്കൊപ്പം നടന്നുപോയ പെൺകുട്ടിയ്ക്ക് നേരെ മൂന്നംഗസംഘം അതിക്രമം നടത്തിയിരുന്നു. പെപ്പർ സ്‌പ്രേയടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെയും തുരത്തി. പ്രതികളെ അറസ്റ്റ് ചെയ്തത് മികവായി പൊലീസ് മേനിനടിക്കുമ്പോഴും കേട്ടാലറയ്ക്കുന്ന തെറിയും അശ്ലീലവുമായി ഒരുസംഘം ഇപ്പോഴും നഗരം കേന്ദ്രീകരിച്ച് വിഹരിക്കുകയാണ്. ഏറെ തിരക്കുള്ള ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടച്ചു പൂട്ടിയ നിലയിലാണ്.

പൊലീസ് വീഴ്ച തുടരുന്നു, വിട്ടുമാറാതെ ഭീതി

കത്തിയുമായി യുവാവിന്റെ അഴിഞ്ഞാട്ടം അറിയാതെ പോയത്

സന്ധ്യ കഴി‌ഞ്ഞാൽ നഗരം സാമൂഹ്യവിരുദ്ധരുടെ താവളം

കഞ്ചാവ് - മയക്കുമരുന്ന് മാഫിയ സംഘം തഴച്ചുവളരുന്നു

പ്രധാന കണ്ണികളായി ഇതരസംസ്ഥാന തൊഴിലാളികൾ

പിങ്ക് പൊലീസിന്റെ സേവനം രാത്രിയിൽ ലഭ്യമല്ല

നൈറ്റ് പട്രോളിംഗ് പെറ്റിയടിക്കലിൽ മാത്രമൊതുങ്ങി

യുവതിയെ പിന്തുടർന്ന് ആക്രമിച്ച് മുൻഭർത്താവ്

ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഒന്നാം നമ്പർ ബസ് സ്റ്റാൻഡിലുണ്ടായ അക്രമത്തിന്റെ ഭീതിയിലാണ് യാത്രക്കാർ. അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയിയെ (22) ആണ് ആദ്യ ഭർത്താവ് അസം സ്വദേശി മധുജ ബറുവ (25) കുത്തിപ്പരിക്കേൽപ്പിച്ചത്. എറണാകുളത്ത് സ്വകാര്യ ബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവ. യുവതി ഇയാളെ ഉപേക്ഷിച്ച് ഫാത്തിമാപുരത്ത് മറ്റൊരു ഇതര സംസ്ഥാന യുവാവിനോടൊപ്പമാണ് താമസം. നഗരത്തിലെത്തി സാധനങ്ങൾ വാങ്ങിയതിനു ശേഷം താമസ്ഥലത്തേക്ക് പോകാനായി സ്റ്റാൻഡിലെത്തിയപ്പോൾ മധുജ യുവതിയെ പിന്തുടരുകയായിരുന്നു. തുടർന്ന് സ്റ്റാൻഡിനുള്ളിൽ വച്ച് കത്തി കൊണ്ട് തുടരെ കുത്തി. ഓടി മാറിയെങ്കിലും പിന്നാലെയെത്തി വീണ്ടും അക്രമം തുടർന്നു. സ്റ്റാൻഡിലുണ്ടായിരുന്നയാൾ പ്രതിക്ക് നേരെ കല്ലെറിഞ്ഞതോടെ ഇയാൾ മുനിസിപ്പൽ ആർക്കേഡ് പരിസരത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. പ്രതിയുടെ കൈയ്ക്കും പരുക്കേറ്റതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement