പിന്നിൽ റസിസ്റ്റൻസ് ഫ്രണ്ട്, തീർത്ഥാടകരെ വധിച്ച ഭീകരർക്കായി തെരച്ചിൽ

Tuesday 11 June 2024 3:23 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിൽ 9 തീർത്ഥാടകർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കർ ഭീകര സംഘടനയുടെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട്. പാകിസ്ഥാൻ സഹായത്തോടെ കാശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പാണിത്.

ആക്രമണശേഷം വനത്തിലൊളിച്ച ഭീകരർക്കായി വിവിധ സുരക്ഷാ വിഭാഗങ്ങൾ തെരച്ചിൽ തുടരുകയാണ്. കരസേനയും കാശ്മീർ പൊലീസും സി.ആർ.പി.എഫും തെരച്ചിലിനുണ്ട്. ഡ്രോണും ഉപയോഗിക്കുന്നു. സ്നിഫർ ഡോഗ് സ്കാഡും ഒപ്പമുണ്ട്. ഇവിടം മുതൽ രജൗരി വരെ ഘോരവനമാണ്. ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിക്കുന്നുണ്ട്.

കാശ്മീരിലെ റിയാസി ജില്ലയിലാണ് ഞായറാഴ്ച തീർത്ഥാടകരുടെ ബസ് ആക്രമിച്ചത്. വെടിവയ്പിലും ബസ് കൊക്കയിലേക്കു മറിഞ്ഞും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ആക്രമിണത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെയും പുതിയ തുടക്കത്തിന്റെ ആരംഭമാണെന്ന് ഭീകരർ പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു. വിനോദസഞ്ചാരികളെയുൾപ്പെടെ ലക്ഷ്യമിടുമെന്നും പറയുന്നു.

റിയാസിയിലെ ശിവ്‌ഖോരി ക്ഷേത്രത്തിൽ നിന്ന് വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് തീർത്ഥാടകരുടെ ബസ് മടങ്ങുമ്പോഴാണ് ആക്രമണം. വനത്തിൽ ഒളിച്ചിരുന്ന ഭീകരർ വാഹനം തടഞ്ഞ് തുരുതുരെ വെടിയുതിർത്തു. ഡ്രൈവർക്ക് വെടിയേറ്റതോടെ ബസിന്റെത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു. രണ്ട് വയസുള്ള ആൺകുട്ടി ഉൾപ്പെടെ രാജസ്ഥാൻ സ്വദേശികളായ നാല് പേരും ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മൃതദേഹങ്ങൾ അവരവരുടെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിച്ചെന്ന് റെയ്സി പൊലീസ് കമ്മിഷണർ അറിയിച്ചു.

റസിസ്റ്റൻസ് ഫ്രണ്ട്

പുതിയ തലവേദന

 ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 2019ൽ കേന്ദ്രം റദ്ദാക്കിയതിനുശേഷം രൂപീകരിച്ച ഭീകര ഗ്രൂപ്പ്

 താഴ്വരയിലെ യുവാക്കളെ പാക് അധിനിവേശ കാശ്മീരിൽ ലഷ്കർ ഭീകരർ പരിശീലനവും ആയുധവും നൽകി ആക്രമണത്തിന് അയയ്ക്കുന്നു

 2020 ഏപ്രിൽ ഒന്നിന് കുപ്‌വാരയിൽ നുഴഞ്ഞുകയറി സുരക്ഷാസേനയെ ആക്രമിച്ച് തുടക്കം. അഞ്ച് ഭടൻമാർ വീരമൃത്യു വരിച്ചു. അഞ്ച് ഭീകരരെയും വധിച്ചു

 2023ൽ പൂഞ്ച് ജില്ലയിൽ റസിസ്റ്റൻസ് ഫ്രണ്ടിന്റെ ഒളിയാക്രമണത്തിൽ അഞ്ച് ഭടന്മാരും കഴിഞ്ഞ ഡിസംബറിൽ സുരാൻകോട്ടിൽ നാലുപേരും വീരമൃത്യു വരിച്ചു

 കാശ്മീരി പണ്ഡിറ്റുകൾ, ഹിന്ദുക്കൾ, സിക്കുകാർ തുടങ്ങി മുസ്ളിം ഇതര വിഭാഗളെ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതും പതിവാണ്

 ആയുധവും മയക്കുമരുന്നും പാകിസ്ഥാനിൽ നിന്ന് കടത്തിക്കൊണ്ടുവരാനും റസിസ്റ്റൻസ് ഫ്രണ്ട് പ്രവർത്തകരെ ഉപയോഗിക്കന്നു

Advertisement
Advertisement