മുംബയിൽ 32 കിലോ സ്വർണവുമായി 2 വിദേശ വനിതകൾ അറസ്റ്റിൽ

Tuesday 11 June 2024 2:30 AM IST

മുംബയ്: മുംബയ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് വിദേശ വനിതകളെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച 32.79 കിലോ സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിപണിയിൽ 19.15 കോടി വിലവരും. കെനിയക്കാരായ ഇവർ നയ്റോബിയിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്. അടിവസ്ത്രത്തിലും ബാഗിൽ പ്രത്യേക അറയിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തുന്ന സംഘത്തിന്റെ കണ്ണികളാണ് ഇവരെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

സ്വർണക്കടത്ത് വ്യാപകം

ജൂൺ ഏഴിന് 3.91 കോടിയുടെ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ് ഡി.ആർ.ഐ പറയുന്നത്.

ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ നേരത്തെ പിടിയിലായിരുന്നു. മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുളള യാത്രയിൽ മലദ്വാരത്തിലൊളിപ്പിച്ച് കൊൽക്കത്ത സ്വദേശിയായ സുരഭി കടത്തിയത് ഒരു കിലോ സ്വർണമാണ്.

Advertisement
Advertisement