ഫ്ലൈഓവർ സ്വപ്നം മാത്രമോ

Tuesday 11 June 2024 1:51 AM IST

വെഞ്ഞാറമൂട്: ഫ്ലൈ ഓവർ ഇന്നു വരും നാളെവരും എന്ന കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്.

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ഫ്ലൈഓവർ നിർമ്മാണം ടെൻഡർ നടപടിയൊക്കെ കഴിഞ്ഞ് കാലമേറെയായിട്ടും ഒന്നും നടന്നിട്ടില്ല.

കൊട്ടാരക്കര മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാന പാതയിൽ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് വെഞ്ഞാറമൂട്. സ്കൂളുകളും ഗവൺമെന്റ്, കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം കടന്നുപോകാൻ മണിക്കൂറുകൾ വേണം. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളും ഗതാഗതക്കുരുക്കിലമരും.

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം

വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഡി.കെ. മുരളി എം.എൽ.എയാണ് ഫ്ലൈഓവർ ആശയം മുന്നോട്ടുവച്ചത്. എം.എൽ.എയുടെ ശുപാർശ പരിഗണിച്ച് 2018ജൂൺ 18‌ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാദ്ധ്യതാപഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. സാദ്ധ്യതാപഠനത്തിൽ പദ്ധതി പ്രായോഗികമാണെന്ന് റിപ്പോർട്ട് സമർപ്പിച്ചു. ആഗസ്റ്റ് 19ന് ചേർന്ന കിഫ്ബി എക്സിക്യുട്ടിവ് കമ്മിറ്റിയാണ് ഫ്ലൈഓവർ നിർമാണം അംഗീകരിച്ച് 25.03 കോടി രൂപ അനുവദിച്ചത്. 30 മീറ്റർ ഉയരമുള്ള 9 സ്പാനുകളും 6 മീറ്റർ ഉയരമുള്ള 10 സ്പാനകളും ഫ്ലൈഓവറിനുണ്ടാകും. 446 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമാണ് ഇതിനുള്ളത്.

അംഗീകരിച്ചത്... 2018 ആഗസ്റ്റ് 19ന്

അനുവദിച്ചത്... 25.03 കോടി രൂപ

വീണ്ടും അംഗീകാരം നൽകിയത്...2024 മാർച്ച് 30ന്

ടെൻഡർ അനുവദിച്ചത്... 26.71 കോടി രൂപ

പ്രതിസന്ധികളിൽപ്പെട്ട്

തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച് റോഡും ഉണ്ടാകും. ഇതിനു പുറമേ ഇരുവശത്തേക്കും സർവീസ് റോഡും ഉണ്ടാകും. ബി.എൻ.എൽ, വാട്ടർ അതോറിട്ടി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ അന്ന് ടെൻഡറെടുത്ത കരാറുകാരൻ പിൻമാറുകയും വീണ്ടും ടെൻഡർ നടപടികൾക്ക് മന്ത്രിസഭാ അംഗീകാരം നൽകി ഈ വർഷം മാർച്ച് 30ന് 26.71 കോടി രൂപയ്ക്ക് ടെൻഡർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇതോടെ ഫയൽ കെ.ആർ.എഫ്.ബിക്ക് കൈമാറുകയും നടപടികൾ പൂത്തിയാക്കി കരാർ കമ്പനിയെ എഗ്രിമെന്റിന് ക്ഷണിച്ചു മൂന്നു മാസത്തിനകം പണി ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിലവിൽ ഒരു പണിയും ആരംഭിച്ചിട്ടില്ല.

Advertisement
Advertisement