കൊട്ടിയൂരിൽ ഇന്ന് ആയില്യം ചതുശ്ശതം

Tuesday 11 June 2024 12:24 AM IST
കൊട്ടിയൂരിൽ ഇന്ന് ആയില്യം ചതുശ്ശതം

കൊട്ടിയൂർ: വൈശാഖ മഹോത്സവ കാലത്തുള്ള നാല് ചതുശ്ശതം പായസ നിവേദ്യങ്ങളിൽ മൂന്നാമത്തേതായ ആയില്യം നാൾ ചതുശ്ശതം വലിയ വട്ടളം പായസം ഇന്ന് പെരുമാൾക്ക് നിവേദിക്കും.
ഉച്ചയ്ക്ക് പന്തീരടി പൂജയോടൊപ്പമാണ് പായസം നിവേദിക്കുന്നത്. പൊന്മലേരി കോറോം തറവാടിനാണ് ആയില്യം ചതുശ്ശതത്തിനുള്ള അവകാശം. അരി, നാളികേരം, ശർക്കര, കദളിപ്പഴം, എന്നീ നാല് പദാർത്ഥങ്ങൾ പ്രധാനമായും പ്രത്യേക അനുപാതത്തിൽ ചേർത്ത് തയ്യാറാക്കുന്നതിനാലാണ് ചതുശ്ശതം എന്നു പറയുന്നത്. നെയ്യ്, കരിമ്പ്, കൽക്കണ്ടം, തേൻ എന്നീ വിശിഷ്ട പദാർത്ഥങ്ങളും തോതനുസരിച്ച് ചേർക്കാറുണ്ട്.

വൈശാഖ മഹോത്സവത്തിന് ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പെരുമാളെ ദർശിക്കാനായി ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു. രാവിലെ മുതൽ ആരംഭിച്ച ഭക്തജന പ്രവാഹത്തിന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് നേരിയ കുറവുണ്ടായത്.

Advertisement
Advertisement