വൻസ്വീകരണത്തിന് കോപ്പുകൂട്ടി ബി.ജെ.പി : വിനോദ- തീർത്ഥാടക വഴിയിൽ വികസനം പൂക്കുമോ ?​

Tuesday 11 June 2024 12:00 AM IST

തൃശൂർ : സാംസ്‌കാരിക തലസ്ഥാനത്തിന്റെ ലോക്‌സഭാ പ്രതിനിധിക്ക് ടൂറിസം ലഭിച്ചതോടെ തൃശൂർ പ്രതീക്ഷയുടെ നിറവിൽ. ഇതിന് പുറമേ പെട്രോളിയം വകുപ്പുമായതോടെ ഇരട്ടി ആനന്ദമായി തൃശൂരിന്. എല്ലാ വർഷവും തൃശൂർ പൂരത്തിലുണ്ടാകുന്ന പ്രതിസന്ധികൾക്ക് വിരാമമിടുന്നതിന് സുരേഷ് ഗോപിയിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. അതിരപ്പിള്ളി, തുമ്പൂർ മുഴി, പീച്ചി, വാഴാനി, വിലങ്ങൻകുന്ന്, സ്‌നേഹതീരം, പൂമല ഡാം ഉൾപ്പെടെ ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ജില്ലയിൽ ഇവയുടെ വികസനത്തിനും കൂടുതൽ പേരെ ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകാനും മന്ത്രി സ്ഥാനം കരുത്തുപകരുമെന്നാണ് കരുതുന്നത്.

വടക്കുന്നാഥൻ, ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, കൂടൽമാണിക്യം, പുത്തൻപള്ളി, ചേരമാൻ ജുമാമസ്ജിദ് എന്നിവയെ ഉൾക്കൊള്ളിച്ചുള്ള വികസനസാദ്ധ്യതകളും ചർച്ച ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞിട്ടുള്ള നാലമ്പല തീർത്ഥാടനവും , ആറാട്ടുപുഴ പൂരവുമെല്ലാം ദേശീയ ടൂറിസം പട്ടികയിൽ ഇടം പിടിക്കാനുള്ള സാദ്ധ്യതയും തെളിയുകയാണ്.

വൻസ്വീകരണത്തിന് കോപ്പുകൂട്ടി ബി.ജെ.പി

സുരേഷ് ഗോപിക്ക് വൻ സ്വീകരണമൊരുക്കാൻ ബി.ജെ.പി. ടൂറിസം മന്ത്രിയായതിനാൽ സുരേഷ് ഗോപിയിലൂടെ അതുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങൾ നടത്താനാകുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. തൃശൂരിൽ അടുത്തദിവസം തന്നെ അദ്ദേഹമെത്തിയേക്കും. ബി.ജെ.പി നേതാക്കൾ എല്ലാം ഡൽഹിയിലുണ്ട്. തിരിച്ചെത്തിയ ശേഷം സ്വീകരണത്തിന് സുരേഷ് ഗോപിക്കും സൗകര്യപ്രദമായ ദിവസം നിശ്ചയിക്കും. കേന്ദ്ര സംസ്ഥാന നേതാക്കളെ അടക്കം പങ്കെടുപ്പിക്കും. തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസം മേഖലകളും ഏറെയുള്ള തൃശൂരിനും കേരളത്തിനും ഏറെ പ്രയോജനപ്പെടുന്നതാണ് സുരേഷ് ഗോപിയുടെ സഹമന്ത്രി സ്ഥാനം.

Advertisement
Advertisement