പുറത്തിറങ്ങാതെ സുരേഷ് ഗോപി; സജീവമായി ജോ‌ർജ് കുര്യൻ

Tuesday 11 June 2024 1:53 AM IST

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രിമാരായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌ത സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്നലെ വൈകിട്ടുവരെ വകുപ്പുകൾ ഏതാണെന്ന് അറിയാൻ കാത്തിരുന്നു. രാത്രി ഏഴരയോടെയാണ് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക പുറത്തുവന്നത്. സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവച്ചേക്കുമെന്ന വാർത്തകളാണ് ഇന്നലെ രാവിലെ ആദ്യം കേട്ടത്. ഡൽഹിയിലെ ഹോട്ടൽ മുറിയിൽ നിന്ന് സുരേഷ് ഗോപി പുറത്തിറങ്ങിയതുമില്ല. ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്‌ണദാസ്, എം.ടി. രമേശ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സുരേഷ് ഗോപി താമസിക്കുന്ന ഹോട്ടലിലെത്തിയിരുന്നു. ഉച്ചയോടെ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ബന്ധുക്കളും കേരളത്തിലേക്ക് തിരിച്ചു. ഇതിനിടെ, രാജിവാർത്തകൾ തള്ളി കേന്ദ്രസഹമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിട്ടു. എന്നാൽ മാദ്ധ്യമങ്ങൾക്കു മുന്നിൽ വരാൻ തയ്യാറായില്ല. രാത്രി വകുപ്പുകൾ സംബന്ധിച്ച തീരുമാനം വന്നപ്പോഴും നിശബ്‌ദനായി മുറിയിലിരുന്നു.

 സജീവമായി ജോ‌ർജ് കുര്യൻ

ജോർജ് കുര്യൻ മുൻ മന്ത്രി വി. മുരളീധരന്റെ വീട്ടിൽ സജീവമായുണ്ടായിരുന്നു. രാവിലെതന്നെ ചാനലുകൾക്ക് പ്രതികരണം നൽകി. തന്റെ പ്രതീക്ഷകൾ പങ്കുവച്ചു. കേരളത്തിലെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ കാണാനെത്തി. രാത്രി തന്റെ വകുപ്പുകൾ അറിഞ്ഞപ്പോഴും അദ്ദേഹം പ്രതികരിച്ചു. ഇതിനു പിന്നാലെ വകുപ്പുകൾ ഏറ്രെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് തുടക്കമിട്ടു. മാർഗനിർദ്ദേശങ്ങളുമായി വി.മുരളീധരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കും: ജോർജ് കുര്യൻ

ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്തുപിടിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കും. ന്യൂനപക്ഷക്ഷേമം തനിക്ക് ഏറെ പരിചയമുള്ള മന്ത്രാലയമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷനായിരിക്കെ, മന്ത്രാലയത്തിന്റെ പദ്ധതികൾ നടപ്പാക്കാൻ രാജ്യം മുഴുവൻ യാത്ര ചെയ്‌തിട്ടുണ്ട്. അതിന്റെ അനുഭവപരിചയമുണ്ട്. ഫിഷറീസ്, ക്ഷീര - മൃഗസംരക്ഷണ വകുപ്പുകളിൽ തന്നെ ക്കൊണ്ടുചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ജനങ്ങൾക്കുവേണ്ടി ചെയ്യും. കേരളത്തിനും കൂടി നിർണായകമായ വകുപ്പുകൾ നൽകിയത് മലയാളിയായതു കൊണ്ടാണെന്ന് കരുതുന്നു. തീരദേശത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കാനാണ് ഫിഷറീസ് വകുപ്പ്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരദേശത്തെ ജനങ്ങളുമായി സംസാരിക്കും. സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ സഹകരിച്ചുപോകുന്ന സംവിധാനമാണ് രാജ്യത്തുള്ളതെന്നും ജോർജ് കുര്യൻ പറഞ്ഞു.

Advertisement
Advertisement