ബി.ജെ.പിയുടെ വളർച്ചയിൽ ആശങ്ക

Tuesday 11 June 2024 1:59 AM IST

ന്യൂഡൽഹി: ബി.ജെ.പിയുടെ കേരളത്തിലെ വളർച്ചയിൽ സി.പി.എം പൊളിറ്റ് ബ്യുറൊ ആശങ്ക രേഖപ്പെടുത്തി. കേരളത്തിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ടു കുറഞ്ഞത് വിശദമായി പരിശോധിക്കും. ഈമാസം അവസാനം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിശദമായ ചർച്ച നടക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് എട്ടും, സി.പി.ഐയ്ക്കും സി.പി.ഐ(എം.എൽ)നും രണ്ട് സീറ്രുവീതവുമാണ് ലഭിച്ചത്.

സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളുടെ അവലോകനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർപരിശോധനകൾ.

തിരഞ്ഞെടുപ്പു ഫലം ഏകപാർട്ടി ഭരണത്തിന് അന്ത്യമുണ്ടാക്കിയെന്ന് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് യോഗം വിലയിരുത്തി. 'ഇന്ത്യ' മുന്നണിയിലെ സീറ്രു വിഭജനം മെച്ചപ്പെട്ടിരുന്നെങ്കിൽ ബി.ജെ.പിയുടെ അംഗസംഖ്യ ഇപ്പോഴുള്ളതിലും കുറയ്‌ക്കാൻ സാധിക്കുമായിരുന്നു. എക്‌സിറ്റ് പോളുകൾ ഏകപക്ഷീയമായിരുന്നു. ഓഹരി വിപണിയിലെ പെട്ടെന്നുള്ള ഉയർച്ച സംബന്ധിച്ച് സെബി അന്വേഷിച്ച് പാർലമെന്റിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

 ബി.ജെ.പിക്ക് തിരിച്ചടി

തിരഞ്ഞെടുപ്പു ഫലം ബി.ജെ.പിക്ക് തിരിച്ചടിയാണെന്ന് സി.പി.എം പി.ബി. വിലയിരുത്തി. പ്രതിപക്ഷ പാർട്ടികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും പണക്കൊഴുപ്പ് കാട്ടിയുമുള്ള ആക്രമണം നടക്കുന്നതിനിടെയായിരുന്നു തിരഞ്ഞെടുപ്പ്. രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലടച്ചു. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിപക്ഷത്തെ വിഭജിക്കാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു. എന്നാൽ, ജനങ്ങൾ ഭരണഘടന സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. മാറ്റത്തിനായി വോട്ടു ചെയ്‌തു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മുൻനിറുത്തിയാണ് 'ഇന്ത്യ' സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായി ജോലി ചെയ്‌തിരുന്നെങ്കിൽ ഫലം എൻ.ഡി.എക്ക് ഇതിലും പ്രതികൂലമാകുമായിരുന്നുവെന്ന് പി.ബിയിൽ അഭിപ്രായമുയർന്നു.

 നീറ്ര് യു.ജി: അന്വേഷിക്കണം

നീറ്റ് യു.ജി പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് സി.പി.എം പി.ബി ആവശ്യപ്പെട്ടു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാനടത്തിപ്പ് ഗൗരവമായി കാണുന്നില്ലെന്ന് പി.ബി കുറ്റപ്പെടുത്തി.

Advertisement
Advertisement