ഇന്ത്യ മടങ്ങുന്നു, ഇന്ത്യയിലേക്ക്: കെ.സി. വേണുഗോപാൽ

Tuesday 11 June 2024 1:01 AM IST

2024 ജൂൺ നാലിനെ ഇന്ത്യ, ഇന്ത്യയിലേക്ക് മടങ്ങിത്തുടങ്ങിയ ദിവസമെന്നായിരിക്കും ഭാവി ചരിത്രം രേഖപ്പെടുത്തുക. വെറുപ്പിനും വിദ്വേഷത്തിനുമല്ല, സ്‌നേഹത്തിനും സാഹോദര്യത്തിനും സഹവർത്തിത്വത്തിനുമാണ് തങ്ങളുടെ 'ഗാരന്റി"യെന്നാണ് ഇന്ത്യൻ ജനത ഉറക്കെ പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്തു വർഷമായി രാജ്യത്ത് എന്താണ് നടന്നുകൊണ്ടിരുന്നത് ?. അടിസ്ഥാന ആവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ നട്ടം തിരിയുന്ന ഒരു ജനതയെയും തൊഴിൽ രഹിതരായ യുവതെയും സൃഷ്ടിക്കുകയും ഇന്ത്യയുടെ അടിസ്ഥാന ഘടനയെ, സാഹോദര്യത്തെ, ആത്മാവിനെത്തന്നെ നഷ്ടപ്പെടുത്തുകയുമായിരുന്നില്ലേ?.

ലോകത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അതിന്റെ ഭരണാധികാരി ജനാധിപത്യത്തിന് എത്ര വില നൽകുന്നു എന്ന് തെളിയിച്ച സംഭവമായിരുന്നു പ്രതിപക്ഷത്തിന്റെ പദവി നിഷേധം. ജനാധിപത്യ ധ്വംസനം മാത്രമല്ല, വെറുപ്പും വിദ്വേഷവും കൂടി കലർന്നതായിരുന്നു ആ നിലപാട്. കഴിഞ്ഞ പത്തു വർഷം രാജ്യം കണ്ടത് ഇതിന്റെ നേർക്കാഴ്ചകളായിരുന്നു. കാശ്മീരിലും മണിപ്പൂരിലും യു.പിയിലും രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും 'മുഖ്യ സേവകൻ" വിതച്ച വിപത്തിന്റെ വിത്തിന്റെ ഫലമെടുക്കലാണ് അനുയായികൾ നടത്തിയത്.

നോട്ട് അസാധുവാക്കൽ, സംസ്ഥാനത്തെ വെട്ടിമുറിക്കൽ, ബുൾഡോസർ രാജ്, ആൾക്കൂട്ട കെലപാതകങ്ങൾ, പേരുമാറ്റി ചരിത്രത്തെ മറക്കൽ,പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിങ്ങനെ എത്രയെത്ര കൊടും പാതകങ്ങളാണ് അനുഭവിക്കേണ്ടിവന്നത്. ഏറ്റവുമൊടുവിൽ, രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗത്തെ പ്രതിക്കൂട്ടിലാക്കി, അവർക്കായി സ്വത്ത് പങ്കുവച്ചുപോകുമെന്നും കെട്ടുതാലി പൊട്ടിച്ചുകൊടുക്കുമെന്നും അവർ നുഴഞ്ഞുകയറ്റക്കാർ ആണെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർ ആണെന്നും വരെയുളള അധിക്ഷേപം മോദിയിൽ നിന്നുണ്ടായി. ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിലിരിക്കുന്ന, 142 കോടി ജനങ്ങളുടെ നേതാവിന്റെ വായിൽ നിന്നുതിർന്ന ആ വാക്കുകൾ കേട്ട് രാജ്യം നടുങ്ങുക മാത്രമല്ല, നാണംകെട്ട് തല താഴ്‌ത്തുകയും ചെയ്തു. ആരാലും ചോദ്യം ചെയ്യപ്പെടാനാവാതെ, തോന്നുന്നതെല്ലാം ചെയ്ത് രാജ്യം ഭരിച്ച നരേന്ദ്രമോദി സ്വന്തമായി കേവല ഭൂരിപക്ഷം പോലും നേടാനാവാതെ, സഖ്യകക്ഷികളുടെ പിന്തുണ തേടി ഭരിക്കാൻ തയ്യാറാവുന്നു. രാജ്യത്തിന്റെ ഐക്യം, അഭിമാനം, അന്തസ്, അഭിവൃദ്ധി ഇവയൊക്കെ നഷ്ടപ്പെടുത്തിയ ഒരു ഭരണാധികാരിയോട് ഇങ്ങനെയല്ലാതെ ഒരു ജനത എങ്ങനെയാണ് കണക്ക് ചോദിക്കുക.

 രാഹുൽ നനുത്ത കാറ്റുപോലെ വന്ന കൊടുങ്കാറ്റ്

ഇങ്ങനെ ഒരാൾ രാജ്യത്തെ മുച്ചൂടും മുടിച്ച് മന്നേറിയപ്പോൾ, അതിനെതിരെ ഒരു നനുത്ത കാറ്റുപോലെ വന്ന്, കൊടുങ്കാറ്റായി മാറുകയായിരുന്നു രാഹുൽ ഗാന്ധി എന്ന മനുഷ്യൻ. അതിന് കേൾക്കേണ്ടിവന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചില്ലറയല്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിച്ചത് മതിയാവാതെ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം വരെ റദ്ദാക്കി മോദി സർക്കാർ. എന്നാൽ, ഇന്ത്യയ്ക്കു വേണ്ടി, ജനങ്ങൾക്കു വേണ്ടി അദ്ദേഹം അചഞ്ചലനായി നിന്നു. ഇന്ത്യൻ ജനതയാകെ, ആ മനുഷ്യനിൽ അഭിമാനിക്കുന്നു. പൂർണ ലക്ഷ്യത്തിനായി ദൂരം ഇനിയുമുണ്ട്. ഇപ്പോൾ കിട്ടിയ വെളിച്ചത്തിലൂടെ ആ യാത്ര തുടരുക തന്നെയാണ്. ഇന്ത്യയെ പൂർണമായും തിരിച്ചുപിടിച്ചും ഭരണഘടനാമൂല്യങ്ങൾ മുറുകെപ്പിടിച്ചും വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്ന്,' ജാതിഭേദം മതദ്വേഷം,ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി" ഇന്ത്യ മാറുക തന്നെ ചെയ്യും.

Advertisement
Advertisement