സ്വർണക്കടത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ; നാലുപേർ കൂടി അറസ്റ്റിൽ

Wednesday 12 June 2024 1:26 PM IST

വൈത്തിരി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തിൽ ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. മലപ്പുറം അരീക്കോട് മൂർക്കനാട് നടുത്തൊടിക വീട്ടിൽ എൻ.ടി. ഹാരിസ് (29), അരീക്കോട് കരിക്കാടൻ വീട്ടിൽ ഷറഫൂദ്ദീൻ (38), കരിക്കാടൻ വീട്ടിൽ കെ.കെ. ഷിഹാബ്ദീൻ (35), ഉരങ്ങാട്ടേരി കാരതൊടി വീട്ടിൽ കെ.ടി. ഷഫീർ (35) എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെ പൊഴുതന പെരുങ്കോടയിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ. മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബയിൽ നിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘർഷത്തിന് കാരണം. ഇത് ചോദിക്കാൻ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്. റാഷിദ് സഞ്ചരിച്ച കാറിനെ ഏട്ടംഗ സംഘം രണ്ടു കാറുകളിലായി പിന്തുടർന്ന് തടഞ്ഞ് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി എത്തുകയും ഇരുകൂട്ടരും ഏറ്റുമുട്ടുകയും ചെയ്തു. പരിക്കേറ്റ അരീക്കോട്, മൂർക്കനാട് നടുത്തൊടിക വീട്ടിൽ എൻ.ടി. ഹാരിസിന്റെ (29) പരാതിയിൽ റാഷിദിനെയും കൂട്ടാളികളെയും അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. റാഷീദിന്റെ പരാതിയിലാണ് ഹാരിസിനെയടക്കം നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Advertisement
Advertisement