അടവിയിൽ രാഷ്ട്രീയം തുഴയരുത്

Tuesday 11 June 2024 12:51 AM IST
കുട്ടവഞ്ചി

കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ പുതിയ അദ്ധ്യായമാണ് അടവി എക്കോ ടൂറിസം. പത്തനംതിട്ടയിലെ കോന്നി ആനത്താവളവുമായി ബന്ധപ്പെടുത്തി തണ്ണിത്തോട് പഞ്ചായത്തിലെ അടവിയിലാണ് എക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്. കല്ലാറിലൂടെ കാനന സൗന്ദര്യം ആസ്വദിച്ച് നടത്തുന്ന കുട്ടവഞ്ചി സവാരി, വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള ട്രീ ഹട്ട് തുടങ്ങിയവയൊക്കെയാണ് ഇവിടുത്തെ സൗകര്യങ്ങൾ. ആനത്താവളം, അടവി, ഗവി എന്നിവയെ ബന്ധപ്പെടുത്തി ടൂറിസം പാക്കേജുമുണ്ട്. കേരളീയരായ വിനോദ സഞ്ചാരികൾ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തുള്ളവരും വിദേശ ടൂറിസ്റ്റുകളുമൊക്കെ അടവിയിലെ ആനന്ദം അനുഭവിച്ചു പോകുന്നു. കേരളത്തിന്റെ ടൂറിസം വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കിയെന്ന് മാത്രമല്ല, പ്രദേശവാസികളായ നിരവധിയാളുകളുടെ തൊഴിൽ കേന്ദ്രം കൂടിയാണ് അടവി.

പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും നോവിക്കാതെയും മനുഷ്യാതിക്രമങ്ങൾ ഇല്ലാതെയുമാണ് ഇത്രയും നാളുകളായി അടവി മുന്നോട്ടു പോയത്. വനം വകുപ്പിന്റെ കർശനമായ നിരീക്ഷണത്തിൽ ഇതുവരെയും അടവിക്ക് ഉലച്ചിലുണ്ടായിരുന്നില്ല. അടവിയിൽ കുട്ടവഞ്ചി തുഴയുന്ന തൊഴിലാളികളുടെയും ടൂറിസ്റ്റുകൾക്ക് സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ജീവനക്കാരുടെയും ചോറിൽ മണ്ണു വാരിയിടാൻ കഴിഞ്ഞ ദിവസങ്ങളിൽ ചില കൊടികുത്തികൾ രംഗത്തു വന്നു.

അടിവിയുടെ കൊടിസ്തംഭം തലപ്പൊക്കമുള്ള വൃക്ഷങ്ങളാണ്. ഭൂമിക്ക് തണുപ്പ് പകർന്ന് പടർന്നു നിൽക്കുന്ന പച്ചപ്പാണ് അടവിയുടെ കൊടി നിറം. രാഷ്ട്രീയ അധികാരത്തിന്റെയും അഹന്തയുടെയും കൊടികൾ അടവി ടൂറിസത്തിന് ചേരില്ല. പക്ഷേ, മുഷ്ടി ചുരുട്ടുന്നവരുടെ ധിക്കാരത്തിന് മുന്നിൽ അടവി തകർന്നു പോകുമോ എന്ന് സന്ദേഹിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഭരണത്തിന്റെ കയ്യൂക്കിൽ അടിച്ചമർത്തപ്പെട്ട ജനത പാർലമെന്റെ തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിച്ചത് അവർക്ക് പ്രശ്നമല്ല. അടവിയെ ചെങ്കൊടി കൊണ്ട് ചുവപ്പിക്കാൻ കച്ച കെട്ടി സി.പി.എം പുറപ്പാട് തുടങ്ങിയത് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ്. തൊഴിലാളികളെ അവർക്ക് സി .ഐ.ടി.യുവിന്റെ വേഷം കെട്ടിക്കണമത്രെ. മാന്യമായ വേതനം വാങ്ങി കുടുംബം നോക്കി ജീവിക്കുന്ന തൊഴിലാളികളെ കൊടി പിടിപ്പിക്കാൻ തക്ക പ്രശ്നങ്ങൾ ഇടതു മുന്നണി ഭരിക്കുന്ന ഇക്കാലത്ത് അടവിയിൽ നിന്ന് ഉയർന്നു കേട്ടിട്ടില്ല. സി.ഐ.ടി.യു കൊടിമരം സ്ഥാപിച്ചത് വനഭൂമിയിലാണ്. വനഭൂമിയിൽ കൊടിമരം നാട്ടാൻ നിയമം അനുവദിക്കുന്നില്ല. കൊടിമരം നീക്കം ചെയ്യണമെന്ന് സി.ഐ.ടി.യുവിനോട് വനപാലകർ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് സി.ഐ.ടി.യു നേതാക്കൾ ഉറച്ചു നിന്നതോടെ വനപാലകർക്ക് കൊടിമരം നീക്കേണ്ടിവന്നു. വീണ്ടും കൊടിമരം സ്ഥാപിച്ചു കൊണ്ട് സി.ഐ.ടി.യു നടത്തിയ വെല്ലുവിളിയും ഭീഷണിയും വനമേഖലയെ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. ഇനി കൊടിമരം നീക്കിയാൽ അതു ചെയ്യുന്നവന്റെ കൈവെട്ടുമെന്നാണ് സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചത്. ഭീഷണിയിൽ പകച്ച് നിൽക്കുകയാണ് വനപാലകർ. നിയമത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് വനപാലകർക്ക് ചെയ്യാൻ കഴിയുന്നത് പൊലീസിൽ പരാതി നൽകൽ മാത്രമാണ്. സി.പി.എമ്മും തൊഴിലാളി സംഘടനയും സി.പി.ഐ ഭരിക്കുന്ന വനംവകുപ്പിന്റെ ജീവനക്കാർക്കു നേരെയാണ് കയ്യും കാലും വെട്ടും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. വന നിയമങ്ങൾ ലംഘിച്ചാലുള്ള കുറ്റവും ശിക്ഷയും ചെറുതല്ലെന്ന് നന്നായി അറിയുന്നവരാണ് വനമേഖലയിൽ ജീവിക്കുന്നവർ. കാട്ടിൽ വീണുകിടക്കുന്ന ചുളളിക്കമ്പ് എടുക്കാൻ പോലും ആർക്കും അധികാരമില്ല. അങ്ങനെ ചെയ്തവർ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്. വനമേഖലയിലെ പാവങ്ങളെ നിയമം കൊണ്ട് വരിഞ്ഞു മുറുക്കുന്നവനംവകുപ്പിന് ഭരണത്തിന്റെ പിൻബലത്തിൽ പ്രധാന ഭരണകക്ഷി നടത്തുന്ന നയമലംഘനത്തിന് മുന്നിൽ മൗനികളായി നിൽക്കുന്നു.

സീതത്തോട്ടിലും കൊലവിളി

വനംവകുപ്പ് ജീവനക്കാർക്ക് നേരെയുള്ള സി.പി.എമ്മിന്റെ കൊലവിളി തണ്ണിത്തോട്ടിൽ മാത്രം ഒതുങ്ങുന്നില്ല. പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചത് പരിശോധിക്കാൻ ചെന്ന കൊച്ചുകാേയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനിതാ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ളവരെ സി.പി.എം പ്രവർത്തകർ കയ്യേറ്റം ചെയ്തത് കഴിഞ്ഞ ദിവസമാണ്. പന്ത്രണ്ട് സി.പി.എം പ്രവർത്തർക്കെതിരെ വധശ്രമം ഉൾപ്പെടെ കേസെടുക്കാൻ തക്കവണ്ണമുളള പരാതികളാണ് വനപാലകർ പൊലീസ് സ്റ്റേഷനിൽ നൽകിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ കയ്യും കാലും വെട്ടുമെന്നായിരുന്നു സി.പി.എം നേതാക്കളുടെ പരസ്യ ഭീഷണി. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതിയംഗമാണ് ആദ്യം ഭീഷണി മുഴക്കിയത്. ബൂട്ടിട്ട് വീടുകളിൽ വരുന്നവർ ഒറ്റക്കാലിൽ നിൽക്കാനുള്ള അഭ്യാസം കൂടി പഠിക്കണം, കൊലപാതകത്തിന് നിങ്ങൾക്ക് ഇനിയും കേസ് കൊടുക്കേണ്ടിവരും എന്നിങ്ങനെയായിരുന്നു പ്രസംഗം. കാല് മാത്രമല്ല, കയ്യും വെട്ടാനറിയാമെന്ന് തുടർന്ന് സംസാരിച്ച സി.പി.എം പെരുനാട് ഏരിയ നേതാവും പറഞ്ഞു. ജനാധിപത്യ വിപ്ളവം മാത്രമല്ല, സായുധ വിപ്ളവം നടത്താനും തങ്ങൾക്കറിയാമെന്ന് ഇയാൾ ഭീഷണി മുഴക്കി. കടമ്മനിട്ട കോളേജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്നു ഇദ്ദേഹം. പട്ടയ ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് തടസം നിൽക്കുന്നതാണ് തർക്കങ്ങൾക്ക് കാരണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പറയുന്നു. വനപാലകർ വീടുകളിൽ കയറി പരിശോധിക്കുകയും കർഷക ദ്രോഹ നടപടികൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങേണ്ടി വന്നത്. പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ സ്വാഭാവികമായി വരുന്ന പ്രതികരണമാണ് അത്തരം വാക്കുകൾ. ഇനിയും അങ്ങനെ തന്നെ പറയുമെന്നാണ് സി.പി.എം നേതാവിന്റെ മുന്നറിയിപ്പ്.

കാട് പൊതുവേ ശാന്തമാണ്. നിത്യഹരിതമാണ് കേന്നി, റാന്നി വനമേഖലകൾ. അവിടെ രാഷ്ട്രീയത്തിന്റെ തീ വീഴ്ത്തരുത്. പരിസ്ഥിതിയ്ക്ക് നാശമുണ്ടാകാതെയും മനുഷ്യ സംഘർഷമില്ലാതെയുമാണ് ഇക്കോ ടൂറിസം വളരേണ്ടത്. നിയന്ത്രിത മേഖലകളിൽ കൊടി കുത്തിയെങ്കിൽ മാത്രമേ തൊഴിലാളികളുടെ അവകാശം സരക്ഷിക്കാൻ കഴിയൂ എന്നില്ല. ഒരു സംഘടന കൊടി കുത്തിയാൽ അടുത്ത സംഘടനയ്ക്കും അതു ചെയ്യാൻ അവകാശമുണ്ടെന്ന് ഓർക്കേണ്ടതുണ്ട്. ഏറ്റുമുട്ടലുകൾ കാടിന്റെ സ്വച്ഛത തകർക്കുമെന്ന് ഓർക്കുക.

Advertisement
Advertisement