ജി 7 ഉച്ചകോടി 13 മുതൽ: മോദി പങ്കെടുക്കും

Tuesday 11 June 2024 6:25 AM IST

റോം : മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ യാത്ര ഇറ്റലിയിലേക്ക്. അപ്പൂലിയ മേഖലയിലെ ഫസാനോ നഗരത്തിൽ 13 മുതൽ 15 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ യാത്ര. 14നാണ് അദ്ദേഹം ജി 7നെ അഭിസംബോധന ചെയ്യുകയെന്നാണ് വിവരം. ജി 7 നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. അന്ന് തന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

ജി 7 ഉച്ചകോടിയുടെ 50 - ാം പതിപ്പാണ് ഇത്തവണ. യു.എസ്, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.കെ എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. ഇന്ത്യ അടക്കം 13 രാജ്യങ്ങൾക്കും ആഫ്രിക്കൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.

ഉച്ചകോടിയിൽ പങ്കെടുക്കണമെന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഔദ്യോഗിക ക്ഷണം മോദി സ്വീകരിച്ചിരുന്നു. അതേ സമയം,​ 15 മുതൽ 16 വരെ സ്വറ്റ്‌സർ‌ലൻഡിൽ നടക്കുന്ന യുക്രെയിൻ സമാധാന ഉച്ചകോടിയിലേക്കും ഇന്ത്യയ്ക്ക് ക്ഷണമുണ്ടെങ്കിലും മോദി പങ്കെടുക്കാനിടയില്ല.

Advertisement
Advertisement