ആയിരം മുടക്കി ടിക്കറ്റെടുത്തവർ മണ്ടന്മാരാണോ! യാത്രക്കാരെ കുത്തിനിറച്ച് വന്ദേഭാരത്; നാണക്കേടെന്ന് സോഷ്യൽ മീഡിയ

Tuesday 11 June 2024 10:42 AM IST

ലക്‌നൗ: യാത്രക്കാരെ കുത്തിനിറച്ചുള്ള ട്രെയിൻ യാത്ര ഇന്ത്യക്കാരുടെ സ്ഥിരം കാഴ്ചയാണ്. കേരളത്തിലാണെങ്കിൽ പരശുറാം എക്സ്പ്രസ് അടക്കം രാവിലെ സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളിലെ സ്ഥിരം കാഴ്ച ഇങ്ങനെയാണ്. എന്നാൽ പ്രീമിയം യാത്രകൾക്ക് പേരുകേട്ട വന്ദേഭാരത് എക്സ്പ്രസിൽ അങ്ങനെ ഒരു കാഴ്ച നിങ്ങൾക്ക് കാണാൻ സാധിക്കുമോ? എങ്കിൽ അങ്ങനെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ടിക്കറ്റില്ലാത്ത യാത്രക്കാർ വന്ദേഭാരത് എക്സ്പ്രസിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ലക്നൗ ജംഗ്ഷൻ- ഡെറാഡൂൺ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്‌പ്രസിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. തിങ്ങിനിറഞ്ഞ് യാത്രക്കാർ നിൽക്കുന്നതാണ് വീഡിയോയിലുള്ളത്.

എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ വീഡിയോയിൽ വന്ദേഭാരത് ഒരു പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതാണുള്ളത്. ട്രെയിനിനുള്ളിൽ ഒരുപാട് യാത്രക്കാർ നിൽക്കുന്നതും കാണാം. മറ്റൊരു ക്ലിപ്പിൽ യാത്രക്കാർ ട്രെയിനിനുള്ളിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്നത് കാണാം. യാത്രക്കാർക്ക് നടക്കാൻ ഇടനാഴിയിൽ സ്ഥലമില്ലാത്തതും വീഡിയോയിൽ കാണാം. ജനറൽ ട്രെയിനുകളിൽ സ്ഥിരം കാണുന്ന കാഴ്ചയാണ് വന്ദേഭാരത് എക്സ്പ്രസിലും കാണാൻ സാധിക്കുന്നത്. വീഡിയോ മണിക്കൂറുകൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയത്. ഇന്ത്യൻ റെയിൽവെ മെട്രോ ട്രെയിൻ സർവീസ് മാതൃകയിൽ പ്രവർത്തിക്കണമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കാർഡോ, ടിക്കറ്റോ, പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാത്തവരെ പ്ലാറ്റ്‌ഫോമിൽ പോലും പ്രവേശിപ്പിക്കാൻ പാടില്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ആദ്യം ചെയ്യേണ്ടത് വന്ദേഭാരത് എക്സ്പ്രസിൽ ആവശ്യത്തിൽ കൂടുതൽ റെയിൽവെ പൊലീസിനെ സജ്ജമാക്കണം, ആയിരക്കണക്കിന് രൂപ മുടക്കി ടിക്കറ്റെടുത്തവർ എന്താ മണ്ടന്മാരാണോ, ഇന്ത്യൻ റെയിൽവെയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം തുടങ്ങിയ കമന്റുകളും വീഡിയോയുടെ താഴെ വരുന്നുണ്ട്.

അതേസമയം, വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല പരാതികൾ ഉയരുന്നത്. നേരത്തെ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നത്. സഹികെട്ട യാത്രക്കാർ പലപ്പോഴും ഭക്ഷണത്തിന്റെ മോശം അവസ്ഥ വീഡിയോയായും ചിത്രങ്ങളായും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവെയുടെ പ്രീമിയം യാത്ര വിഭാഗത്തിലുള്ള വന്ദേഭാരത് എക്സ്പ്രസ് 2019 ഫെബ്രുവരി മുതലലാണ് സർവീസ് ആരംഭിച്ചത്.

Advertisement
Advertisement