'യഥാർത്ഥ സേവകൻ മാന്യത പുലർത്തും, അഭിരമിക്കില്ല'; തിരഞ്ഞെടുപ്പ് പ്രചാരണത്തെ പരോക്ഷമായി വിമർശിച്ച് മോഹൻ ഭഗവത്

Tuesday 11 June 2024 11:34 AM IST

നാഗ്പൂർ: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ രാഷ്ട്രീയ വിഭജനത്തെ ചൂണ്ടിക്കാട്ടി വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത് രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും ഇനി രാഷ്ട്ര നിർമ്മാണത്തിന് പ്രാധാന്യം നൽകണമെന്നും മോഹൻ ഭഗവത് പറഞ്ഞു. തിരഞ്ഞെടുപ്പിനും ഭരണത്തിനുമുള്ള സമീപനത്തിൽ മാറ്റം വരത്തേണ്ടതുണ്ടെന്ന ഉപദേശവും അദ്ദേഹം പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും നൽകി. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മോഹൻ ഭഗവത് ഇക്കാര്യം വ്യക്തമാക്കിയത്.

'പൊതുസമ്മതിദാനം ഉണ്ടാക്കുന്നതിനുള്ള പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. പാർലമെന്റിന് രണ്ട് വശങ്ങളുണ്ട്. അതുകൊണ്ട് ഏത് ചോദ്യത്തിന്റെയും രണ്ട് വശങ്ങളും പരിഗണിക്കേണ്ടതുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും രണ്ട് വശങ്ങളുണ്ട്. ഒരു വശം ഒരു പാർട്ടി പരിശോധിക്കുമ്പോൾ, എതിർപക്ഷത്തുള്ളവർ രണ്ടാമത്തെ വശം പരിശോധിക്കണം. എന്നാൽ മാത്രമേ നമുക്ക് കൃത്യമായ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ'- മോഹൻ ഭഗവത് പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയാണ് മോഹൻ ഭഗവതിന്റെ പ്രസ്താവന.

രാജ്യത്ത് അഞ്ച് വർഷത്തിൽ ഒരിക്കൽ വരുന്ന ജനവിധി ആർഎസ്എസിനെ ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എല്ലാ തിരഞ്ഞെടുപ്പുകളിലും പൊതുജനാഭിപ്രായം പരിഷ്‌കരിക്കാനാണ് സംഘം പ്രവർത്തിക്കുന്നത്, ഇത്തവണയും അത് ചെയ്തു, പക്ഷേ ഫലത്തെക്കുറിച്ച് ഞങ്ങൾ വിശകലനം ചെയ്യുന്നില്ല. എന്തുകൊണ്ടാണ് ആളുകൾ തിരഞ്ഞെടുക്കപ്പെടുന്നത്? പാർലമെന്റിലേക്ക് പോകാൻ, വിവിധ വിഷയങ്ങളിൽ സമവായം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. നമ്മുടെ പാരമ്പര്യവും സമവായം വളർത്തിയെടുക്കുന്നതാണ്. ഇതൊരു മത്സരമാണ്, യുദ്ധമല്ല'- മോഹൻ ഭഗവത് പറഞ്ഞു.

തിരഞ്ഞെടുപ്പിനിടെയുണ്ടായ മോശം പ്രവണതകളെക്കുറിച്ചും മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി. ഇരുവിഭാഗവും തമ്മിൽ തിരഞ്ഞെടുപ്പിൽ ആക്ഷേപം ചൊരിയുന്നത് കണ്ടു. അവരുടെ പ്രവർത്തികൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. സംഘപരിവാറിനെയും ഒരു കാരണമില്ലാതെ ഇതിലേക്ക് വലിച്ചിഴച്ചു. അസത്യങ്ങൾ പ്രചരിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ചു. സാങ്കേതിക വിദ്യ ഇതിനുവേണ്ടിയാണോ ഉപയോഗിക്കേണ്ടത്. അങ്ങനെയെങ്കിൽ രാജ്യം എങ്ങനെ പ്രവർത്തിക്കും'- മോഹൻഭഗവത് കൂട്ടിച്ചേർത്തു.

യഥാർത്ഥ സേവകൻ പ്രവർത്തനത്തിൽ എപ്പോഴും മാന്യത പുലർത്തുമെന്നും അത്തരത്തിലുള്ളവർ അവരുടെ ജോലി ചെയ്യുമ്പോൾ അതിൽ അഭിരമിക്കില്ല. അങ്ങനെയുള്ള ആളുകളെ മാത്രമേ സേവകൻ എന്നു വിളിക്കുകയുള്ളൂ- മോഹൻ ഭഗവത് പറഞ്ഞു.

Advertisement
Advertisement