വിഴിഞ്ഞം റെയിൽപാത നിർമ്മാണം ഉടൻ തുടങ്ങും, ബാലരാമപുരം വികസിക്കും 

Tuesday 11 June 2024 1:57 PM IST

തിരുവനന്തപുരം: ചരക്കു നീക്കത്തിനായി വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ പാതയുടെ നിർമ്മാണം സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായാൽ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. നോൺ ഗവൺമെന്റ് റെയിൽവേ ( എൻ.ജി.ആർ) മാതൃകയിൽ നടപ്പിലാക്കുന്നതിനായി ദക്ഷിണ റെയിൽവേയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.

റെയിൽപാതയ്ക്ക് ആവശ്യമായ 5.53 ഹെക്ടർ സ്ഥലത്തിന്റെ ഏറ്റെടുക്കൽ നടപടികൾ നടന്നു വരികയാണ്. 42 മാസം കൊണ്ട് പൂർത്തികരിക്കാമെന്ന് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കരാർ അനുസരിച്ച് അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത സ്ഥാപിക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. കൊങ്കൺ റെയിൽകോർപ്പറേഷനെയാണ് റെയിൽപ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.അവർ തയ്യാറാക്കിയ ഡി. പി ആർ പ്രകാരം 10.7 കി.മി ദൈർഘ്യമുള്ള ഒരു റെയിൽപ്പാതയാണ് വേണ്ടിവരുന്നത്.

പദ്ധതിയ്ക്കായി 1060 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിന് ദക്ഷിണ റെയിൽവേ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്. ടണലിന്റെ ഏറിയ പങ്കും പൊതുമരാമത്ത് റോഡിന് താഴെയായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.